07 January, 2020 05:33:12 AM
കാട്ടുതീയിൽ വെന്തുനീറിയ ഓസ്ട്രേലിയയിൽ ആശ്വാസമായി ചാറ്റൽ മഴയും തണുത്ത കാറ്റും
സിഡ്നി: കാട്ടുതീയിൽ വെന്തുനീറിയ ഓസ്ട്രേലിയയിൽ ആശ്വാസമായി ചാറ്റൽ മഴയും തണുത്ത കാറ്റും. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പകലുമായി സിഡ്നിയിലും മെൽബണിലും മഴ പെയ്തു. ഇതോടെ റോഡുകളിലെ തടസം നീക്കിയ അധികൃതർ ജനങ്ങളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിത്തുടങ്ങി. കനത്ത പുക പലയിടത്തും രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. നിരവധി ആളുകൾ ഇപ്പോഴും വിവിധയിടങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ട്.
നേരിയ മഴയും കാറ്റും ലഭിച്ചെങ്കിലും വരും ദിവസങ്ങളിൽ കാലാവസ്ഥ മോശമാകുമെന്നാണു മുന്നറിയിപ്പ്. സെപ്റ്റംബറിൽ പടർന്നു പിടിക്കാൻ ആരംഭിച്ച കാട്ടുതീ ഇതിനകം ഓസ്ട്രേലിയയിൽ കനത്ത നാശം വിതച്ചു. ഇതുവരെ 25 പേർ കൊല്ലപ്പെട്ടു. 50 കോടിയോളം ജീവജാലങ്ങൾ കാട്ടുതീയിൽപ്പെട്ടു ചത്തെന്നാണ് റിപ്പോർട്ടുകൾ. സിഡ്നി, മെൽബൺ, വിക്ടോറിയ, ന്യൂ സൗത്ത് വെയ്ൽസ് എന്നിവടങ്ങളിലാണ് കാട്ടുതീ ഏറ്റവുമധികം ബാധിച്ചത്. 80 ലക്ഷം ഹെക്ടറിൽ സ്ഥലം കത്തിനശിച്ചു.