05 January, 2020 05:48:57 PM
ഇറാനിലെ പ്രധാന മസ്ജിദിന് മുകളിൽ ചെങ്കൊടി: തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന് അഭ്യൂഹം
ടെഹ്റാന്‍: അമേരിക്കയ്ക്കെതിരെ ഇറാൻ ശക്തമായ പ്രത്യാക്രമണത്തിനൊരുങ്ങുന്നതായി സൂചനകൾ. ഇറാനിലെ പ്രധാന മസ്ജിദിന് മുകളിൽ ചുവന്ന കൊടി ഉയർന്നതാണ് ഇറാൻ തിരിച്ചടിക്കൊരുങ്ങിയെന്ന അഭ്യൂഹം ഉയർത്തിയത്. ഇറാനിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ ഖ്വാമിലെ ജംകരൻ മസ്ജിദിലെ താഴികക്കുടത്തിന് മുകളിലാണ് ഇന്ന് ചെങ്കൊടി ഉയർന്നത്.
ഷിയാ വിഭാഗക്കാരുടെ പുണ്യ നഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖ്വമിലെ മസ്ജിദിൽ ഉയർത്തപ്പെട്ട ചുവന്ന കൊടി യുദ്ധ മുന്നറിയിപ്പാണെന്നും ചില മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളുണ്ട്. യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍ രഹസ്യ സേനാ സൈനിക മേധാവി ഖാസെം സുലൈമാനിയുടെ ബഹുമാനാർഥം സംഘടിപ്പിച്ച ചടങ്ങിലാണ് മസ്ജിദിന് മുകളിൽ ചുവന്ന പതാക ഉയർന്നത്. ഇറാന്റെ പാരമ്പര്യം അനുസരിച്ച് യുദ്ധത്തിനുള്ള സൂചനയാണിത് നൽകുന്നതെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
ഷിയാ പാരമ്പര്യം അനുസരിച്ച് ചുവന്ന കൊടികൾ അന്യായമായി ചൊരിയപ്പെട്ട രക്തത്തിന്റെ പ്രതീകമാണ്. കൊലചെയ്യപ്പെട്ട ആൾക്കു വേണ്ടി പ്രതികാരത്തിനുള്ള പ്രതീകവും. അമേരിക്ക നടത്തുന്ന ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി തന്നെ നൽകുമെന്ന് ഇറാൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന്റെ പിന്നാലെ തന്നെയാണ് ജംകരനിൽ ചെങ്കൊടി ഉയർന്നിരിക്കുന്നത്. ഇറാന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ചെങ്കൊടി ഉയർത്തുന്നത്.