05 January, 2020 01:15:49 PM


ലോകത്തിലെ ഏറ്റവും വലിയ പുഷ്പത്തിന്‍റെ ഏറ്റവും വലിയ ഇനം കണ്ടെത്തി



സുമാത്ര: ലോകത്തിലെ ഏറ്റവും വലിയ പുഷ്പമെന്നറിയപെടുന്ന റഫ്‌ലേഷ്യയുടെ ഏറ്റവും വലിയ ഇനം കണ്ടെത്തി. 'റഫ്‌ലേഷ്യ ടുന്‍ മൂഡെ' എന്ന ഈ പൂവിന്റെ വ്യാസം 111 സെന്റീമീറ്ററില്‍ അധികമാണ്. എന്നാല്‍ മുന്‍പ് കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ പുഷ്പത്തിന്റെ ഇനത്തിന് വ്യാസം 107 സെന്റീമീറ്റര്‍ ആയിരുന്നു.


ഇപ്പോള്‍ കണ്ടെത്തിയ റഫ്‌ലേഷ്യപുഷ്പത്തിന് 15 കിലോ വരെ ഭാരമുണ്ടാകും ഇതുവരെ കണ്ടെത്തിയത്തില്‍ ഏറ്റവും വലിയ റഫ്‌ലേഷ്യ പുഷ്പമാണ് ഇതെന്നാണ് സുമാത്രയിലെ കണ്‍സര്‍വേഷന്‍ ഏജന്‍സി ഗവേഷകന്‍ അദേ പുത്ര വ്യക്തമാക്കുന്നത്. പുഷ്പിക്കുന്നത് മുതല്‍ വന്‍ ദുര്‍ഗന്ധം പുറപ്പെടുവിക്കുന്ന ഇവ, തെക്കുകിഴക്കന്‍ ഏഷ്യന്‍ ദ്വീപുകളായ മലായ് ഉപദ്വീപ്, ബോര്‍ണിയോ, സുമാത്ര, ഫിലിപ്പീന്‍സ് എന്നിവിടങ്ങളാണ് കാണപ്പെടാറുള്ളത്. 


പുഷ്പിച്ച ശേഷം വെറും ഒരാഴ്ച മാത്രമായിരിക്കും ഈ പൂവിന്റെ അയുസ് പിന്നീട് ഇവ ചീഞ്ഞളിഞ്ഞ് പോകും. 19 നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരനായ സര്‍ സ്റ്റാംഫോര്‍ഡ് റഫല്‍സാണ് ഈ പുഷ്പത്തെ കണ്ടെത്തി ലോകത്തെ അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് ഈ പുഷ്പങ്ങള്‍ക്ക് റഫ്‌ലെഷ്യ എന്ന് പേര് നല്‍കിയത്. ഇലയോ, തണ്ടോ ഇല്ലാത്ത റഫ്‌ലേഷ്യ ഒരു പരാദസസ്യമാണ്. മലേഷ്യയിലെ സഭ സംസ്ഥാനത്തിന്റെയും തായ്ലന്‍ഡിലെ സുരത്താനി പ്രവിശ്യയുടെയും സംസ്ഥാന പുഷ്പവുമാണ് റഫ്‌ലേഷ്യ.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K