02 January, 2020 03:16:35 PM
മോഷണക്കേസില്‍ പൊലീസുകാരൻ അറസ്റ്റിൽ; കവര്‍ന്നത് വീട്ടമ്മയുടെ സ്കൂട്ടറിൽ തൂക്കിയിട്ട ബാഗ്
പാലക്കാട്: മോഷണം തടയേണ്ട പൊലീസുകാരൻ തന്നെ മോഷണ കേസിൽ അറസ്റ്റില്‍. പാലക്കാട് ചിറ്റൂരിൽ ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറും പുതുനഗരം സ്വദേശിയുമായ മുഹമ്മദ് ബൂസരിയാണ് അറസ്റ്റിലായത്. പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ ഇയാളെ സസ്പെൻറ് ചെയ്തു. കൂട്ടുപ്രതിയായ ചിറ്റൂർ തറക്കളം സ്വദേശി സി. പ്രദീപിനെയും അറസ്റ്റ് ചെയ്തു.
ഇവർക്കൊപ്പമുണ്ടായിരുന്ന ഇടുക്കി സ്വദേശിയായ വിനു രക്ഷപെട്ടതായി പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ അണിക്കോട് കടമ്പിടിക്കു സമീപത്തായിരുന്നു സംഭവം. തത്തമംഗലം മേട്ടുപ്പാളയം മീനിക്കോട് വീട്ടിൽ ജയന്റെ ഭാര്യ സിന്ധു സ്കൂട്ടറിൽ കടമ്പിടിയിലെ വഴിയോര കച്ചവടം നടത്തുന്നിടത്തു നിന്നും ഇളനീർ കുടിക്കാനെത്തിയതായിരുന്നു. ഇളനീരിന്‍റെ പൈസ കൊടുക്കാനായി വണ്ടിയിൽ നിന്നിറങ്ങി.
തിരിച്ചു വരുമ്പോൾ സ്കൂട്ടറിൽ തൂക്കിയിട്ടിരുന്ന ബാഗ് കാണാനില്ല. ഈ സമയം സമീപത്ത് ഒരു കാർ മാത്രമാണുണ്ടായിരുന്നത്. കാറിലായിരുന്നു മോഷണം നടത്തിയ പൊലീസുകാരനും കൂട്ടുപ്രതികളും ഉണ്ടായിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സിന്ധുവിന്‍റെ ബാഗിലുണ്ടായിരുന്ന അര പവന്‍റെ ലോക്കറ്റ് ചിറ്റൂരിലെ സ്വർണ കടയിൽ വിറ്റ് പണം വാങ്ങിയതായി പൊലീസ് കണ്ടെത്തി. എന്നാൽ ബാഗിലുണ്ടായിരുന്ന 10,000 രൂപ കിട്ടിയിട്ടില്ല.