01 January, 2020 08:56:24 PM
കവിയൂര്‍ കൂട്ടമരണക്കേസ്: സിബിഐയുടെ നാലാമത്തെ റിപ്പോര്‍ട്ടും കോടതി തള്ളി
തിരുവനന്തപുരം: കവിയൂര്‍ കൂട്ടമരണക്കേസില്‍ സിബിഐയുടെ നാലാമത്തെ റിപ്പോര്‍ട്ടും കോടതി തള്ളി. കൂട്ടമരണം ആത്മഹത്യയാണെന്ന് നാലാമതും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടേതാണ് നടപടി. കേസില്‍ തുടരന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
2004 സെപ്തംബര്‍ 28 നാണ് കവിയൂരില്‍ ക്ഷേത്രപൂജാരിയേയും കുടുംബത്തേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാരായണന്‍ നമ്ബൂതിരിയുടെ മൂത്ത മകള്‍ അനഘ മരിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ് പീഡനത്തിനിരയായതായി കണ്ടെത്തിയത്. അനഘയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണ്. കുട്ടിയെ രാഷ്ട്രീയ നേതാക്കള്‍ക്ക് അടക്കം കാഴ്ചവച്ചിരുന്നതായും ഇതില്‍ മനംനൊന്താണ് കുടുംബം ആത്മഹത്യ ചെയ്തതെന്നുമാണ് കുടുംബാംഗങ്ങളുടെ ആരോപണം.
കേസില്‍ അന്വേഷണം ആരംഭിച്ച സിബിഐ കുടുംബം ആത്മഹത്യ ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി ആദ്യ റിപ്പോര്‍ട്ട് നല്‍കി. കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാകാം എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ അച്ഛന്‍ പീഡിപ്പിച്ചതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.ആദ്യ മൂന്ന് അന്വേഷണ റിപ്പോര്‍ട്ടിലുമുണ്ടായിരുന്നത് ഇങ്ങനെ തന്നെയായിരുന്നു. എന്നാല്‍ ഇത് മൂന്നും തളളിയതിനെ തുടര്‍ന്നാണ് അച്ഛന്‍ തന്നെ അനഘയെ പീഡിപ്പിച്ചതാകാനാണ് സാധ്യത എന്ന നിഗമനത്തില്‍ നാലാമത്തെ റിപ്പോര്‍ട്ടും അന്വേഷണ സംഘം സമര്‍പ്പിച്ചത്.
കവിയൂര്‍ കിളിരൂര്‍ കേസില്‍ തുടക്കം മുതല്‍ തന്നെ ചില രാഷ്ട്രീയ നേതാക്കളുടെ പേര് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ യാതൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ല. അനഘയെ പ്രമുഖ രാഷ്ട്രീയനേതാക്കളടക്കമുള്ളവര്‍ക്ക് കാഴ്ചവെച്ചതിന്റെ മനോവിഷമത്തിലാണ് നാരായണന്‍ നമ്ബൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തതെന്നാണ് നാരായണന്‍ നമ്ബൂതിരിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.എന്നാല്‍ സിബിഐ അന്വേഷണത്തില്‍ അത്തരമൊരു കണ്ടെത്തലുണ്ടായിട്ടില്ല. അഞ്ചാംഗ കുടുംബം ആത്മഹത്യ ചെയ്യാനുള്ള കാരണം കിളിരൂര്‍ കേസിലെ പ്രതികൂടിയായ ലതാ നായരുടെ പ്രേരണയാലായിരുന്നെന്നും ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് സിബിഐ സമര്‍പ്പിച്ച 23 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.