25 December, 2019 09:16:15 AM
മുത്തൂറ്റ് ഫിനാന്‍സ് ലിംഗരാജപുരം ശാഖയില്‍ വന്‍ മോഷണം; 70 കിലോ സ്വര്‍ണം മോഷണം പോയി
ബംഗളൂരു: മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖയില്‍ നിന്നും 70 കിലോയോളം സ്വര്‍ണം മോഷണം പോയതായി പരാതി. ബംഗളൂരു ലിംഗരാജപുരം ശാഖയില്‍ നിന്നുമാണ് സ്വര്‍ണം മോഷണം പോയതായി പരാതി വന്നിരിക്കുന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം. പോലീസ് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരില്‍ ഒരാള്‍ സുരക്ഷാ ജീവനക്കാരനാണ്.
സ്ഥാപനത്തിന്റെ കുളിമുറിയുടെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നതെന്നു സംശയിക്കുന്നതായി കേസ് അന്വേഷിക്കുന്ന പുലികേശി നഗര്‍ പോലീസ് പറയുന്നു. ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ചാണ് ലോക്കറുകള്‍ തകര്‍ത്തിരിക്കുന്നത്. സ്ഥാപനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ നന്നായി അറിയുന്ന ആളാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിയിച്ചത്.
കഴിഞ്ഞ ദിവസം ബീഹാറിലുള്ള ഹാജിപൂരിലെ മുത്തൂറ്റ് ഫിനാന്‍സ് കോ ബ്രാഞ്ചിലും കവര്‍ച്ച നടന്നിരുന്നു. മുത്തൂറ്റ് ശാഖ മാനേജരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബാങ്കില്‍ നിന്നും 55 കിലോ സ്വര്‍ണമാണ് അക്രമികള്‍ കവര്‍ന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ബാങ്കിനുള്ളില്‍ പ്രവേശിച്ച സംഘം മാനേജരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവരുകയായിരുന്നു. ഏഴ് പേര്‍ അടങ്ങുന്ന സംഘമായിരുന്നു മോഷണത്തിന് പിന്നില്‍.