20 December, 2019 02:34:31 PM
ഉന്നാവ് ബലാത്സംഗ കേസ്: മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് ജീവപര്യന്തം
ദില്ലി: ഉന്നാവ് ബലാത്സംഗ കേസിൽ ബിജെപി പുറത്താക്കിയ മുൻ എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് ജീവപര്യന്തം ജയിൽ. 25 ലക്ഷം രൂപ സെന്‍ഗാറിൽ നിന്ന് പിഴയായി ഇടാക്കാനും ഡല്‍ഹി പ്രത്യേക കോടതി വിധിച്ചു. സെൻഗാറിനെതിരായ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി നേരത്തെ വിലയിരുത്തിയിരുന്നു. ഡൽഹി തീസ്ഹസാരി കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കൂട്ടുപ്രതി ശശി സിംഗിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചിരുന്നു.
2018 ഏപ്രിലിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ ഉന്നാവ് പെൺകുട്ടി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് കൂട്ടബലാത്സംഗം രാജ്യമറിഞ്ഞത്. ബിജെപി കുൽദീപ് സിംഗ് സെൻഗാറിനും കൂട്ടുപ്രതികൾക്കുമെതിരെ 2017 ഓഗസ്റ്റിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാതെ ആട്ടിയോടിക്കുന്നുവെന്ന് പെൺകുട്ടി പറഞ്ഞത് രാജ്യത്തെ ഞെട്ടിച്ചു. വൻ രാഷ്ട്രീയ കോളിളക്കമുണ്ടായതോടെ കേസ് സിബിഐ ഏറ്റെടുത്തു. ബിജെപി എംഎൽഎയും കൂട്ടുപ്രതികളും അറസ്റ്റിലായി. ഇതിനിടെ, പെൺകുട്ടിയെ ട്രക്കിടിപ്പിച്ച് കൊല്ലാനും ശ്രമം നടന്നു.