19 December, 2019 04:18:27 PM
യുവനടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളുടെ പരിശോധനയ്ക്ക് നടൻ ദിലീപ് കോടതിയിൽ എത്തി
കൊച്ചി: യുവ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുടെ പരിശോധനയ്ക്ക് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് കോടതിയിൽ എത്തി. ഉച്ചയ്ക്ക് ശേഷമാണ് അഭിഭാഷകനും സാങ്കേതിക വിദഗ്ധനും ഒപ്പം ദിലീപ് കോടതിയിൽ എത്തിയത്. ദൃശ്യങ്ങൾ മറ്റു പ്രതികൾക്കൊപ്പമല്ലാതെ കാണണമെന്ന ദിലീപിന്‍റെ ആവശ്യം പ്രത്യക കോടതി അനുവദിക്കുകയായിരുന്നു. അടച്ചിട്ട കോടതി മുറിയിൽ ഒരുക്കിയ ലാപ്ടോപ്പിലാണ് ദൃശ്യങ്ങൾ കാണിച്ചത്. എട്ടു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ കേസിലെ നിർണ്ണായക തെളിവാണ്.
നേരത്തെ കേസിലെ മറ്റു പ്രതികളും അഭിഭാഷകരും ദിലീപിന്‍റെ അഭിഭാഷകരും അന്വേഷണ ഉദ്യോഗസ്ഥനും ദൃശ്യങ്ങൾ കണ്ടിരുന്നു. കോടതി മുറിയും ദൃശ്യങ്ങൾ കാണുന്നവരെയും വിശദമായി പരിശോധിച്ചതിനുശേഷമാണ് കോടതി മുറിക്കുള്ളിൽ പ്രവേശിപ്പിച്ചത്. ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ദിലീപിന്‍റെ ഹർജിയിൽ സുപ്രീംകോടതി അനുമതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ദൃശ്യങ്ങൾ കാണിക്കുന്നത്.