18 December, 2019 03:01:27 PM


'ഒരു കോടി കൊടുത്താല്‍ മുപ്പത് കോടിയായി തിരിച്ചുതരും': മോഹന വാഗ്ദാനങ്ങളില്‍ വീണത് വന്‍ പണച്ചാക്കുകള്‍




കോട്ടയം: വീടിനോട് ചേര്‍ന്ന് ചൈതന്യം തുളുമ്പുന്ന ചെറിയൊരു അമ്പലം. വീടും അമ്പലവുമെല്ലാം ടിന്‍ ഷീറ്റുകൊണ്ട് 15 അടി ഉയരത്തില്‍ മറച്ചിരിക്കുന്നു. ചുറ്റിലും സി.സി ടി.വി കാമറകള്‍. ഒപ്പം ഒരു ബോര്‍‌ഡും - നിങ്ങള്‍ സി.സി.ടി.വി നിരീക്ഷണത്തിലാണ്. അമ്പലമാണ്. ഇവിടെ മൂത്രം ഒഴിക്കരുത്! ഇതെല്ലാം കണ്ട് അകത്തുകയറിയാല്‍ മലയാളവും ഇംഗ്ലീഷും തമിഴും പച്ചവെള്ളം പോലെ സംസാരിക്കുന്ന പൊലീസ് ഓഫീസറെ വെല്ലുന്ന ആകാരവടിവോടുകൂടിയ ജയകുമാറിനെ കാണാം. ആറ് അടി പൊക്കം. സിനിമാനടനെ വെല്ലുന്ന, ആരുടെയും കണ്ണ് മഞ്ഞളിച്ചു പോകുന്ന മേക്കപ്പ്. വിലകൂടിയ വസ്ത്രങ്ങള്‍. 40 പവന്‍റെ സ്വര്‍ണ്ണമാല. 

വെറും ഒന്‍പതാം ക്ലാസുകാരനായ ജയകുമാര്‍ ഈ പകിട്ടുകാണിച്ച്‌ പലരില്‍ നിന്നായി തട്ടിയത് കോടികള്‍. ഒരു കോടി രൂപ കൊടുത്താല്‍ ഒന്ന് മുപ്പതാക്കി തിരിച്ചുതരും; ഇതാണ് ജയകുമാറിന്‍റെ ഓഫര്‍. ഇത് വിശ്വസിച്ച് അതിമോഹവുമായി ഏറ്റുമാനൂര്‍ പട്ടിത്താനത്ത് ചെരുവില്‍ ജയകുമാറിന്‍റെ വീട്ടിലെത്തിയ 'പണച്ചാക്കുകള്‍' എല്ലാം അന്ധാളിച്ചിട്ടുണ്ട്! വീട്ടുമുറ്റത്ത് ബെന്‍സ് കാറുകളുടെ നീണ്ട നിര. എറണാകുളം സ്വദേശിനിയുടെ പരാതിയെതുടര്‍ന്ന് ക്രൈം ഡിറ്റാച്ച്‌മെന്‍റ് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയും സംഘവും ഇയാളുടെ പട്ടിത്താനത്തെ വീട്ടിലെത്തുമ്പോഴും ഇടപാടുകാരുടെ നീണ്ട ക്യൂ ആയിരുന്നു അവിടെ.

പൊലീസിനെ കണ്ടിട്ടും ഒട്ടും പതറാതെ നിന്ന ജയകുമാര്‍ 'എന്തുണ്ട് വിശേഷങ്ങള്‍' എന്നു ചോദിച്ചായിരുന്നു ഡിവൈ.എസ്.പിയെ എതിരേറ്റത്. ഡിവൈ.എസ്.പിയും 'ജയകുമാര്‍ സാറിനെ' മുഖം കാണിക്കാന്‍ എത്തിയതാണെന്നാണ് കൂടിനിന്നവര്‍ കരുതിയത്. അധികനേരം കഴിയുംമുമ്പേ കയ്യില്‍ വിലങ്ങുമായി ജയകുമാറിനെ ജീപ്പില്‍ കയറ്റുമ്പോള്‍ കാര്യമെന്തന്നറിയാതെ ഏവരും പകച്ചുനിന്നു. പിന്നീടാണ് അറിയുന്നത് ഇയാള്‍ ലോക തട്ടിപ്പുകാരനാണെന്ന്. തമിഴ്നാട്ടിലെ ചില മന്ത്രിമാരുടെയും ഗവ.സെക്രട്ടറിമാരുടെയും പക്കല്‍ കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് പണമുണ്ടെന്നും ഇത് വെളുപ്പിക്കലാണ് ലക്ഷ്യമെന്നും പറഞ്ഞാണ് ബിസിനസുകാരില്‍ നിന്നും മറ്റും പണം സ്വീകരിച്ചിരുന്നത്.

എറണാകുളം സ്വദേശിനിയില്‍ നിന്ന് 1.30 കോടി രൂപ വാങ്ങിയത് തിരികെ നല്കാമെന്ന വാഗ്ദാനത്തിലാണ്. പണവുമായി സ്ത്രീ പട്ടിത്താനത്തുള്ള വസതിയില്‍ എത്തി. പിന്നീട് തിരികെ കൊടുക്കാനുള്ള 1.3 കോടി രൂപ  തികയില്ലെന്നും ഉത്തമപാളയത്തിലെ ഗോഡൗണില്‍ നിന്ന് പണം കൊണ്ടുവരാമെന്നും പറഞ്ഞു. ജയകുമാറും സംഘവും ഒരു കാറിലും സ്ത്രീയും ഒപ്പമുണ്ടായിരുന്നവരും മറ്റൊരു കാറിലുമായി ഉത്തമപാളയത്തേക്ക് യാത്ര പുറപ്പെട്ടു. ഉത്തമപാളയത്ത് എത്തിയപ്പോള്‍ സ്ത്രീയോടും കൂട്ടരോടും ഒരു ഹോട്ടലില്‍ വിശ്രമിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് ഗോഡൗണില്‍ നിന്നും പണമെടുക്കാന്‍ പോയ ജയകുമാറും സംഘവും തിരികെ വന്നില്ല. ഇതേത്തുടര്‍ന്ന് സ്ത്രീയും സംഘവും ഏറ്റുമാനൂരിലെ വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ജയകുമാറിന്‍റെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടുവെന്നാണ് ആരോപണം.

സ്ത്രീ ജില്ലാ പൊലീസ് മേധാവി പി.എസ്. സാബുവിന് പരാതി നല്‍കി. ഇതേ തുടര്‍ന്നാണ് ക്രൈം ഡിറ്റാച്ച്‌മെന്‍റ് ഡിവൈ.എസ്.പി കേസ് അന്വേഷിച്ചതും ജയകുമാറിനെ കൈയോടെ പൊക്കിയതും. തമിഴ്നാട്ടിലും കേരളത്തിലും ഏജന്‍റുമാരെ നിയമിച്ചാണ് ജയകുമാര്‍ തട്ടിപ്പിന് കളമൊരുക്കിയത്. പണക്കാരായ ബിസിനസുകാരെയും ബിസിനസ് പൊളിഞ്ഞു നില്‍ക്കുന്നവരെയുമാണ് മോഹന വാഗ്ദാനങ്ങള്‍ നല്‍കി ഏജന്‍റുമാര്‍ വശത്താക്കിയിരുന്നത്. കമ്പം, ഉത്തമപാളയം എന്നിവിടങ്ങളിലെ ഗോഡൗണുകളില്‍ കോടിക്കണക്കിന് പണം സ്വരൂപിച്ച്‌ വച്ചിട്ടുണ്ടെന്നും തമിഴ്നാട്ടിലെ ചില മന്ത്രിമാരുടെ കണക്കില്‍പ്പെടാത്ത പണമാണ് ഇങ്ങനെ പെരുപ്പിച്ചു തരുന്നതെന്നുമാണ് ഏജന്‍റുമാര്‍ പറഞ്ഞിരുന്നത്. ഇത്തരത്തിലുള്ള ഇടപാടുകളില്‍ പണം നഷ്ടമായ ഏഴു പേരെ ക്രൈം ഡിറ്റാച്ച്‌മെന്‍റെ സെല്‍ ഇതിനകം കണ്ടെത്തിയത്രേ.

42 വയസായെങ്കിലും വിവാഹം കഴിച്ചിട്ടില്ലാത്ത ജയകുമാര്‍ വീട്ടുകാരുമായി അത്ര രമ്യതയിലല്ലത്രേ. തമിഴ്നാട്ടിലെ കോളേജ് പ്രൊഫസറെന്ന് പരിചയപ്പെടുത്തുന്ന യുവതിയായ ഒരു സ്ത്രീ ഇയാളോടൊപ്പം പട്ടിത്താനത്തെ വീട്ടിലുണ്ട്. തമിഴ്നാട്ടിലെ മറ്റു ചില സ്ത്രീകളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പറയുന്നു. ഇയാളുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കാറുകളെല്ലാം വാടകയ്ക്ക് എടുത്തവയാണെന്നും കഴുത്തിലെ മാല മുക്കുപണ്ടമാണെന്നും പൊലീസ് കണ്ടെത്തി. ജയകുമാറിനെ റിമാന്‍ഡ് ചെയ്ത് കോട്ടയം സബ് ജയിലിലാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K