17 December, 2019 02:45:46 PM


നിര്‍ഭയ കേസിലെ പുനപരിശോധന ഹര്‍ജി: ചീഫ് ജസ്റ്റിസ് പിന്‍മാറി



ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളില്‍ ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ പിന്‍മാറി. കേസിലെ പ്രതി അക്ഷയ് സിങിന്‍റെ പുനപരിശോധന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് പിന്‍മാറിയത്. ഹര്‍ജി പരിഗണിക്കുന്നതിനായി മൂന്നംഗ ബഞ്ചിന് രൂപം നല്‍കും. നാളെ തന്നെ ഹര്‍ജി പരിഗണിക്കും.

ചീഫ് ജസ്റ്റിസിന്‍റെ ബന്ധു ഇരയുടെ കേസ് വാദിക്കുന്നതിനാലാണ പിന്‍മാറ്റമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വെച്ച്‌ 23 കാരിയായ പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. 2013 സെപ്റ്റംബര്‍ 13ന് കൊലപാതക കേസില്‍ അക്ഷയ് കുമാര്‍ സിങ്ങ് ഉള്‍പ്പെടെ നാലുപ്രതികള്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചു. വിചാരണ കോടതിയുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതിയും അന്തിമമായി സുപ്രീംകോടതിയും ശരിവെച്ചു.

2017 മെയ് അഞ്ചിനാണ് വിചാരണ കോടതി വിധിക്കെതിരായ നാലുപ്രതികളുടെ അപ്പീല്‍ സുപ്രീംകോടതി തളളിയത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും സമൂഹമനസാക്ഷിക്ക് മുറിവേറ്റ സംഭവമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. തുടര്‍ന്ന് വിധിയില്‍ പുനഃപരിശോധ ആവശ്യപ്പെട്ടാണ് അക്ഷയ് കുമാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിക്ക് വേണ്ടി അഭിഭാഷകന്‍ ഡോ എ പി സിങ്ങാണ് കോടതിയെ സമീപിച്ചത്. കേസിലെ മറ്റു മൂന്ന് പ്രതികളുടെ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി നേരത്തെ തളളിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K