17 December, 2019 09:19:25 AM


കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ചുകളഞ്ഞ ദന്തഡോക്ടര്‍ക്ക് 10 വര്‍ഷം കഠിനതടവും പിഴയും



ബംഗളൂരു: കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ചുകളഞ്ഞ ദന്തഡോക്ടര്‍ക്ക് കോടതി 10 വര്‍ഷം കഠിനതടവ് വിധിച്ചു. മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതിന്‍റെ പ്രതികാരം തീര്‍ത്ത ഗുരപ്പനപാളയ സ്വദേശി ഡോ. സയീദ അമീന നഹീമിനാണ് (42) ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 15,000 രൂപ പിഴയും മൈസൂരു സ്വദേശിയായ ഇരയ്ക്ക് രണ്ടു ലക്ഷം രൂപയുടെ നഷ്ടപരിഹാരവും നല്‍കാന്‍ കോടതി ഉത്തരവിട്ടു. 2008 നവംബറിലാണ് കേസിനാസ്പദമായ സംഭവം.


സയീദയും യുവാവും പ്രണയത്തിലായിരുന്നുവെങ്കിലും പിന്നീട് ബന്ധം അവസാനിപ്പിച്ച്‌ യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുകയായിരുന്നു. വിവാഹം കഴിഞ്ഞ് ആറു മാസത്തിനുശേഷമാണ് സംഭവം നടന്നത്. കോറമംഗലയിലെ സയീദയുടെ ഡെന്റല്‍ ക്ലിനിക്കിലേക്കു ക്ഷണിച്ച കാമുകനെ ജ്യൂസില്‍ മയക്കുമരുന്ന്‌ നല്‍കിയശേഷം ജനനേന്ദ്രിയം മുറിച്ചു കളയുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ സയീദ  തന്നെ ആശുപത്രിയിലെത്തിച്ചു. ക്ലിനിക്കിലേക്കു വരുന്നതിനിടെ അപകടം സംഭവിച്ചതാണെന്നായിരുന്നു ആശുപത്രിയില്‍ അറിയിച്ചത്. പിന്നീട് കൊലപാതകശ്രമത്തിന് കേസെടുത്ത കോറമംഗല പോലീസ് സയീദയെ അറസ്റ്റു ചെയ്തു.


റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ക്ലിനിക്കിലേക്ക് വരുന്നതിനിടെയുണ്ടായ അപകടത്തിലാണ് യുവാവിന് പരിക്കേറ്റതെന്ന് സയീദയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ സയീദ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തെന്ന് അറിഞ്ഞതിനെത്തുടര്‍ന്നുള്ള പകയാണ് സംഭവത്തില്‍ കലാശിച്ചതെന്നും ജനനേന്ദ്രിയം മുറിച്ചാലുണ്ടാകുന്ന പ്രത്യാഘാതം സയീദയ്ക്ക് അറിയാമായിരുന്നുവെന്നും കോടതി വ്യക്തമാക്കി. സംഭവത്തിനുശേഷം ഇര മാനസികമായി തകര്‍ന്നെന്നും വൈവാഹികജീവിതം ഇല്ലാതായെന്നും കോടതി നിരീക്ഷിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K