16 December, 2019 04:50:00 PM
വീണ്ടും ഞെട്ടിച്ച് ആള്‍ക്കൂട്ട മര്‍ദ്ദനം; ജനനേന്ദ്രിയം പൊള്ളിച്ചു: തിരുവല്ലത്ത് യുവാവ് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച യുവാവ് മരിച്ചു. തിരുവല്ലത്തിനടുത്ത് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച മുട്ടയ്ക്കാട് സ്വദേശി അജേഷാണ് മരിച്ചത്. ക്രൂരമായ മര്‍ദനത്തിന് ശേഷം ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തതായി പോലീസ് പറയുന്നു.
ബസ് സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയപ്പോള്‍ മലപ്പുറം സ്വദേശിയായ യുവാവിന്‍റെ 40000 രൂപയും മൊബൈല്‍ ഫോണും അടങ്ങുന്ന ബാഗ് മോഷണം പോയി. ഈ സംഭവം അടുത്തുള്ള ഓട്ടോക്കാരെ അറിയിച്ചപ്പോള്‍ അവര്‍ അവിടെ സ്ഥിരം മോഷണം നടത്തുന്ന യുവാവാണ് എന്നാരോപിച്ച് അജേഷിനെ, വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. അജേഷ് മരിച്ചതോടെ കേസില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് അജേഷിന് മര്‍ദ്ദനമേറ്റത്.
പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് അജേഷ് മരിച്ചു. പ്രധാന പ്രതിയായ ജിനേഷ് വര്‍ഗീസിന്‍റെ നേതൃത്വത്തിലാണ് അജേഷിനെ ക്രൂരമായി മര്‍ദ്ദിച്ചത്. അജേഷിന്‍റെ വീട്ടില്‍ തന്നെ മോഷണം പോയ ഫോണ്‍ ഉണ്ടെന്ന് ആരോപിച്ച് പരിശോധന നടത്തിയ സംഘം. തെരച്ചിലില്‍ ഫോണ്‍ കിട്ടാതെ വന്നതോടെ കമ്പുകൊണ്ട് അടിച്ച ശേഷം വീട്ടിലുണ്ടായിരുന്നു വെട്ടുകത്തി ചൂടാക്കി അടിവയറ്റിലും ജനനേന്ദ്രിയത്തിലും വച്ച് പൊള്ളിച്ചു.
മര്‍ദനത്തിന് ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച അജേഷ് വയലില്‍ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ച ശേഷം പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അജേഷിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഓട്ടോ ഡ്രൈവര്‍മാരും അജേഷിന്‍റെ അയല്‍വാസിയായ ഒരു യുവാവും അടക്കം അഞ്ച് പേരെയാണ് റിമാന്‍ഡ് ചെയ്തത്. തിരുവല്ലം സ്റ്റേഷനില്‍പ്പെട്ട വണ്ടിത്തടം ജങ്ഷനില്‍ വച്ചായിരുന്നു സംഭവം.