10 December, 2019 03:19:36 PM


ഇഖാമ പുതുക്കല്‍ ; സൗദിയിലെ പുതിയ നിയമം പ്രവാസികളെ പ്രതിസന്ധിയിലാഴ്ത്തുന്നു



റിയാദ്: സൗദി അറേബ്യയില്‍ ഇഖാമ (താമസ രേഖ) സാങ്കേതിക, അക്കൗണ്ടന്റ് തസ്തികകള്‍ പുതുക്കാനുള്ള പുതിയ നിയമം പ്രവാസികളെ പ്രതിസന്ധിയിലാഴ്ത്തുന്നു. വിദ്യാഭ്യാസ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 


ഇഖാമയില്‍ ടെക്‌നിക്കല്‍, അക്കൗണ്ടന്റ് പ്രഫഷനുകള്‍ രേഖപ്പെടുത്തിയവര്‍ സൗദി എന്‍ജിനീയറിങ് കൗണ്‍സിലിലും സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ട്‌സിലും (സോക്പ) രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന അടുത്തിടെ സൗദി അറേബ്യയില്‍ നടപ്പാക്കിയിരുന്നു. അക്കൗണ്ടന്റ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, കസ്റ്റമര്‍ അക്കൗണ്ടന്റ്, വിവിധ തരം ടെക്‌നീഷ്യന്മാര്‍, മെക്കാനിക്കുകള്‍ തുടങ്ങി നൂറോളം തസ്തികകള്‍ക്കാണ് ഇത് ബാധകം. തസ്തികകള്‍ക്ക് അനുസൃതമായ സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ പോര്‍ട്ടലുകളില്‍ അപ്ലോഡ് ചെയ്ത് ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്തണം. 


ആരോഗ്യ ഇന്‍ഷുറന്‍സ് പോലെ തന്നെ പ്രഫഷനല്‍ രജിസ്‌ട്രേഷനും കൂടി സാധുവാണെന്ന് ഉറപ്പുവരുത്തിയിട്ടേ സൗദി പാസ്‌പോര്‍ട്ട് വിഭാഗം (ജവാസാത്ത്) ഇഖാമ പുതുക്കൂ. സ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കി. എല്ലാവരും തസ്തികക്ക് അനുസൃതമായ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാരജരാക്കണമെന്നും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നുമാണ് അറിയിപ്പ്. കാലാവധി അവസാനിക്കും മുമ്പ് പ്രഫഷനല്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇഖാമ പുതുക്കാനാവില്ലെന്ന സന്ദേശമാണ് കമ്പനികള്‍ നല്‍കിയിരിക്കുന്നത്. ഇഖാമ പുതുക്കാതെ ജോലിയില്‍ തുടരാനാവില്ലെന്നും മറിച്ചായാല്‍ വരുന്നത് ഗുരുതര ഭവ്യഷ്യത്തുകളായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.


തൊഴിലാളികള്‍ക്ക് മാത്രമല്ല തൊഴില്‍ നല്‍കുന്ന വ്യക്തിക്കും സ്ഥാപനത്തിനും കൂടി പ്രത്യാഘാതമുണ്ടാകും. വന്‍ സാമ്പത്തിക പിഴയും മറ്റ് ശിക്ഷാനടപടികളും നേരിടേണ്ടിവരും. ഇഖാമ പുതുക്കാതെ തൊഴിലെടുക്കുന്നതിന് പിടിക്കപ്പെട്ടാല്‍ തൊഴിലുടമക്ക് സാമ്പത്തിക പിഴ മാത്രമല്ല സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ ഭാഗികമായി തടയ്യപ്പെടുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കാനാണ് ഇഖാമ പുതുക്കാന്‍ ഏറെ സമയം ബാക്കിയുണ്ടെങ്കില്‍ പോലും സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ തൊഴിലാളികളോട് കമ്പനികള്‍ ആവശ്യപ്പെടുന്നത്. ഇതനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാത്തവരെ ഫൈനല്‍ എക്‌സിറ്റില്‍ വിടുകയാണ് പല സ്ഥാപനങ്ങളും.


വ്യാജ സര്‍ട്ടിഫിക്കറ്റോ അംഗീകൃത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നല്ലാത്ത സര്‍ട്ടിഫിക്കറ്റുകളോ അപ്ലോഡ് ചെയ്ത് രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തീകരിച്ചാലും നിശ്ചിത ദിവസങ്ങള്‍ക്ക് ശേഷം ഇന്റര്‍നാഷനല്‍ ഏജന്‍സിയുടെ സഹായത്തോടെ നടത്തുന്ന വെരിഫിക്കേഷനില്‍ പിടിക്കപ്പെടും. വ്യാജനാണെന്ന് തെളിഞ്ഞാല്‍ രജിസ്‌ട്രേഷന്‍ ലഭിക്കില്ലെന്ന് മാത്രമല്ല വ്യാജരേഖാ കേസ് നടപടികള്‍ നേരിടേണ്ടിയും വരും. കേസില്‍ തീര്‍പ്പാകുന്നതുവരെ രാജ്യം വിടാനുമാകില്ല. ഹാജരാക്കിയത് വ്യാജനെന്ന് തെളിയുന്നപക്ഷം തടവും സാമ്പത്തിക പിഴയും ലഭിക്കും. ശിക്ഷ അനുഭവിച്ച് നാടുകടത്തപ്പെട്ടാല്‍ പിന്നീട് സൗദിയിലേക്ക് പുനഃപ്രവേശിക്കാനുമാകില്ല.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K