04 December, 2019 02:12:14 PM
'രസമുള്ള കാഴ്ചക്കായി ചേട്ടന്മാര്‍ വിളിക്കും, മൊബൈല്‍ കാണിച്ച് ചെയ്യാന്‍ പറയും': സ്കൂളുകളിലെ ഞെട്ടിക്കുന്ന കഥകള്‍ പുറത്ത്
കൊച്ചി: 'രസമുള്ള കാഴ്ച കാണിക്കാമെന്ന് പറഞ്ഞ് ചേട്ടന്മാര്‍ വിളിക്കും, മൊബൈലിലെ ചിത്രങ്ങള്‍ കാണിച്ച് ഇങ്ങനെ ചെയ്യാന്‍ പറയും, ആദ്യമൊക്കെ പേടിയായിരുന്നു. പിന്നീട് അതു ശീലമായി'. കൊച്ചിയിലെ സ്‌കൂളില്‍ കൗണ്‍സിലിംഗിനെത്തിയവരോട് ആറാം ക്ലാസുകാരി പറഞ്ഞതിങ്ങനെ. സ്കൂളിലെ മുതിര്‍ന്ന കുട്ടികള്‍ ചെറിയ ക്ലാസുകളിലെ കുട്ടികളോട് നടത്തുന്ന ലൈംഗിക ചൂഷണങ്ങളുടെ ഞെട്ടിക്കുന്ന കഥകളാണ് പുറത്തു വരുന്നത്. സ്കൂളുകള്‍ കേന്ദ്രീകരിച്ച് കുടുംബശ്രീയുടെ സ്നേഹിത അറ്റ് സ്കൂള്‍ കൗണ്‍സിലിംഗിലാണ് ഇത്തരം സംഭവങ്ങള്‍ പുറത്തെത്തുന്നത്.
വീടിന് സമീപമുള്ള ചേട്ടന്മാരാണ് കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും നല്‍കുന്നതെന്നാണ് മുതിര്‍ന്ന കുട്ടികള്‍ പറയുന്നത്. കൗണ്‍സിലിംഗിന് വിധേയരാക്കിയ വിദ്യാര്‍ത്ഥികളില്‍ മിക്കവരുടെയും കൈവശം മൊബൈല്‍ ഫോണുകള്‍ ഉള്ളതായി കൗണ്‍സലര്‍മാര്‍ പറയുന്നു. പഠനത്തിലും കളികളിലും പിന്നാക്കംപോയ കുട്ടിയെ കൗണ്‍സിലിംഗിനെത്തിച്ചപ്പോഴാണ് സംഭവം വീട്ടുകാര്‍ പോലും അറിയുന്നത്. നഗരത്തിലെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസുകാരനായ വിദ്യാര്‍ഥി സ്ഥിരമായി ചെറിയ ക്ലാസിലെ കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും കുട്ടിയെ കൗണ്‍സിലിംഗിന് എത്തിച്ചപ്പോഴാണ് മൊബൈല്‍ ഫോണ്‍ ദുരുപയോഗമാണ് സ്‌കൂളുകളില്‍ നടക്കുന്നതെന്നു തിരിച്ചറിഞ്ഞത്.
ചൂഷണങ്ങളുമായി ബന്ധപ്പെട്ട് മാസം അഞ്ച് കേസുകള്‍ വരെ കൗണ്‍സിലര്‍മാര്‍ ശിശുക്ഷേമ സമിതിക്കു കൈമാറുന്നുണ്ട്. പോക്‌സോ ചുമത്തേണ്ട കേസുകളാണ് ഇതിലേറെയും. തുടര്‍നടപടികള്‍ നിയമപരമായി നടക്കുമെന്നും അവര്‍ അറിയിച്ചു. പ്രാപ്തരായ കൗണ്‍സിലര്‍മാരെ വച്ച് അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബോധവത്കരണം നല്‍കണം. മടിയില്ലാതെ ഇത്തരം വിഷയം കുട്ടികളോടു പറഞ്ഞുകൊടുക്കാനുള്ള സാഹചര്യം വീടുകളില്‍ ഉണ്ടാവണമെന്നും കൗണ്‍സിലര്‍മാര്‍ പറയുന്നു.