28 November, 2019 08:14:44 PM


വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് നാലര കോടി: പോളണ്ടില്‍ 2 ഫ്ലാറ്റുകളും; 2 പേര്‍ പിടിയില്‍



പാലാ: ഫ്രാന്‍സില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് കിടങ്ങൂര്‍ സ്വദേശിയില്‍നിന്നും 10.65 ലക്ഷം രൂപ ഉള്‍പ്പെടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നാലര കോടി തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട് പള്ളിപ്പാടംപറമ്പ് നോട്ടിക്കണ്ടത്തില്‍ ഹരികൃഷ്ണന്‍റെ മകന്‍ അക്ഷയ് എന്‍.കെ (26), പുനലൂര്‍ കരവാളൂര്‍ ചാരുവിള പുത്തന്‍വീട്ടില്‍ മുരളീധരന്റെ മകന്‍ അജി എം (36) എന്നിവരെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങൂര്‍ പിറയാര്‍ അടയാനൂര്‍ വീട്ടില്‍ വിനു ജോണി(35)ന്‍റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടങ്ങിയത്.


ഫ്രാന്‍സിലേക്ക് ജോലിക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള ലൈസന്‍സ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 2017 ഡിസംബര്‍, 2018 ജനുവരി മാസങ്ങളിലായി പ്രതികള്‍ വിനുവിന്‍റെ പക്കല്‍ നിന്നും 10.65 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റി. എന്നാല്‍ വിസയോ കൊടുത്ത പണമോ ലഭിക്കാതായതോടെ വിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കിടങ്ങൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ഇതിനിടെ പ്രതികള്‍ പഞ്ചാബിലുണ്ടെന്ന് ജില്ലാ പോലീസ് മേധാവിയ്ക്ക് വിവരം ലഭിച്ചു. തുടര്‍ന്ന് കിടങ്ങൂര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സിബി തോമസിന്‍റെ നിര്‍ദ്ദേശപ്രകാരം ഒരു സംഘം പഞ്ചാബിലേക്ക് പുറപ്പെട്ടു. പഞ്ചാബില്‍ സിര്‍ക്ക്പൂര്‍ എന്ന സ്ഥലത്തുനിന്നും പിടികൂടിയ ഇരുവരെയും സിര്‍ക്ക്പൂര്‍ ഏരിയാ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ട്രാന്‍സിറ്റ് വാറണ്ടോടെ കിടങ്ങൂരില്‍ എത്തിച്ചു. തുടര്‍ന്ന് പ്രതികളെ ഇന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കി.


കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് നാലര കോടി രൂപ ഇവര്‍ ഇതേ രീതിയില്‍ തട്ടിയെടുത്തതായി അന്വേഷണത്തില്‍ തെളിഞ്ഞു. പുനലൂര്‍, രാമമംഗലം, കൊരട്ടി, കളമശ്ശേരി, കൊല്ലം ക്രൈം ബ്രാഞ്ച് എന്നിവിടങ്ങളില്‍ ഇവര്‍ക്കെതിരെ സമാനരീതിയില്‍ കേസ് നിലവിലുണ്ട്. തട്ടിയെടുത്ത പണത്തില്‍ രണ്ട് കോടി ഉപയോഗിച്ച് അക്ഷയ് പോളണ്ടില്‍ രണ്ട് ഫ്‌ലാറ്റുകളും സ്വന്തമാക്കി. ഇവരുടെ തട്ടിപ്പിന് ഇരയായവര്‍ സംസ്ഥാനത്ത് എവിടെങ്കിലും ഉണ്ടെങ്കില്‍ അതത് പോലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെടണമെന്ന് ഇന്‍സ്‌പെക്ടര്‍ സിബി തോമസ് അറിയിച്ചു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K