24 November, 2019 05:57:12 PM
കോട്ടയം ഗാന്ധിനഗറിൽ റിട്ട. പോലീസ് സബ് ഇന്‍സ്പെക്ടര്‍ കൊല്ലപ്പെട്ടു; സംഭവം പ്രഭാതസവാരിയ്ക്കിടെ
കോട്ടയം: റിട്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍ കൊല ചെയ്യപ്പെട്ട നിലയിൽ. ഗാന്ധിനഗറിലെയും കോട്ടയം ഡിവൈഎസ്പി ഓഫിസിലെയും എസ് ഐ ആയിരുന്ന തെള്ളകം മുടിയൂർക്കര പറയൻ കാവിൽ ശശിധരനെ (62) യാണ് ഞായറാഴ്ച രാവിലെ 6 മണിയോടെ ഗാന്ധിനഗറില്‍ എസ്എന്‍ഡിപി ശാഖാ മന്ദിരത്തിനു സമീപം റോഡില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പിന്നിൽ അസ്വാഭാവികമായ രീതിയിലുള്ള മുറിവ് കാണപ്പെട്ടത് മൂലം സംഭവം കൊലപാതകമാണെന്ന സംശയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ശശിധരന്‍റെ അയൽവാസിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ശശിധരന്‍റെ തലയില്‍ രണ്ട് വെട്ടും കയ്യില്‍ മറ്റൊരു വെട്ടും ഏറ്റതായി പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി. പുലർച്ചെ 5 മണിയോടെ വീട്ടിൽനിന്നും നടക്കാനിറങ്ങിയ ശശിധരനെ വീടിന് മീറ്ററുകൾ അകലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തിയാണ് മരണം ഉറപ്പാക്കിയത്. ഹൃദ്രോഗിയായ ശശിധരൻ ഹൃദയാഘാതം മൂലം മരിച്ചതാണെന്ന സംശയത്തിലായിരുന്നു നാട്ടുകാരും ബന്ധുക്കളും. പോലീസെത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി ഇൻക്വസ്റ്റ് നടത്തിയപ്പോഴാണ് അസ്വഭാവികമായ രീതിയിൽ തലയ്ക്ക് പിന്നിലെ മുറിവ് ശ്രദ്ധിച്ചത്. തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തിങ്കളാഴ്ച അയർലൻഡിൽ മക്കളുടെ അടുത്തേക്ക് പോകാൻ ഇരിക്കെയാണ് ശശിധരന്‍റെ മരണം.
തലയ്ക്കു പിന്നിലെ മുറിവ് ശക്തമായ ആയുധം കൊണ്ടുള്ളതിന് സമാനമാണെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഉടന്‍ അന്വേഷണമാരംഭിക്കുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത അയൽവാസിയുമായി ശശിധരന് നേരത്തെ ഉണ്ടായിരുന്ന തർക്കവും പോലീസ് അന്വേഷണ വിധേയമാക്കുന്നുണ്ട്. പ്രതിയെന്നു സംശയിക്കുന്നയാളുടെ വീടും പരിസരവും പോലീസ് പരിശോധിച്ചു. ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍, ഗാന്ധിനഗറ്‍ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ അനൂപ് ജോസ്, എസ് ഐ ടി.എസ്.റനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്ഐ ആയാണ് ശശിധരന്‍ സര്‍വ്വീസില്‍ നിന്ന വിരമിച്ചത്. മുടിയൂര്‍ക്കരയിലെ വീട്ടില്‍ ഇദ്ദേഹവും ഭാര്യ വടവാതൂര്‍ ചിറ്റിലക്കാട്ട് കുടുംബാംഗം സുമയും തനിച്ചാണ് താമസം. മക്കള്‍ പ്രനൂപ്, പ്രീത എന്നിവര്‍ അയര്‍ലന്‍ഡില്‍ നേഴ്സുമാരാണ്. തിങ്കളാഴ്ച അയര്‍ലന്‍ഡിലേക്ക് പോകാനിരിക്കെയാണ് ശശിധരന്‍ കൊല്ലപ്പെട്ടത്. മൃതദേഹം തെള്ളകത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീട്.