05 November, 2019 06:52:59 AM
തെലങ്കാനയില്‍ വനിതാ തഹസില്‍ദാരെ ഓഫീസില്‍ തീകൊളുത്തി കൊന്നു; ഭൂവുടമ അറസ്‌റ്റില്‍
ഹൈദരാബാദ്: രേഖകള്‍ നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തെലങ്കാനയില്‍ വനിതാ തഹസില്‍ദാരെ ഭൂവുടമ ഓഫീസില്‍ വച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു. അബ്‌ദുള്ളാപുര്‍മെട്ട് തഹസില്‍ദാര്‍ വിജയ റെഡ്‌ഡിയാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ വിജയ റെഡ്‌ഡി സംഭവസ്‌ഥലത്തുതന്നെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ സുരേഷ് മുദിരാജുവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഭൂമിസംബന്ധമായ സര്‍ട്ടിഫിക്കറ്റിനു വേണ്ടിയാണ് സുരേഷ് തഹസില്‍ദാരെ കാണാനെത്തിയത്. ഒരു മണിക്കൂറോളം ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തി. ഒടുവില്‍ വാതില്‍ തുറന്നപ്പോള്‍ ശരീരത്തില്‍ തീപടര്‍ന്ന് തഹസില്‍ദാര്‍ വിജയ റെഡ്‌ഡി ഓഫീസിനുള്ളിലൂടെ പരക്കംപായുന്നതാണു കണ്ടതെന്നു ജീവനക്കാര്‍ പോലീസിനു മൊഴി നല്‍കി. കുപ്പിയില്‍ മണ്ണെണ്ണയുമായാണു സുരേഷ് ഓഫീസിലെത്തിയതെന്നു പോലീസ് പറഞ്ഞു. തര്‍ക്കത്തിനൊടുവില്‍ ഇയാള്‍ തഹസില്‍ദാരുടെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
തീപടര്‍ന്ന് സുരേഷിനും രക്ഷിക്കാന്‍ ശ്രമിച്ച മറ്റു മൂന്നുപേര്‍ക്കു പൊള്ളലേറ്റു. പെട്ടെന്നുണ്ടായ പ്രകോപനം മൂലമല്ല ആക്രമണമെന്നും കരുതിക്കൂട്ടിയാണ് സുരേഷ് ഓഫീസിലെത്തിയതെന്നും രചകൊണ്ട പോലീസ് കമ്മിഷണര്‍ മഹേഷ് ഭഗവത് പറഞ്ഞു. പൊള്ളലേറ്റ ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തഹസില്‍ദാരെ രക്ഷിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.