04 November, 2019 08:07:31 AM


ഹൈടെകായി കഞ്ചാവ് വില്‍പ്പന: പൊതിയുടെ പണം ഗൂഗിള്‍ പേയിലൂടെ; വിദ്യാര്‍ത്ഥികള്‍ എക്‌സൈസ് നിരീക്ഷണത്തില്‍



കാഞ്ഞിരപ്പളളി:  കഞ്ചാവ് വില്‍പ്പനയില്‍ ഹൈടെക് സംവിധാനങ്ങൾ. കഞ്ചാവ് പൊതിയുടെ പണം ഇപ്പോൾ ഗൂഗിള്‍ പേയിലൂടെയും. വിദ്യാര്‍ത്ഥികള്‍ എക്‌സൈസ് നിരീക്ഷണത്തില്‍. മേഖലയിലെ പ്രമുഖ എന്‍ജിനീയറിങ്  കോളജ് അധികാരികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് എക്‌സൈസ് സംഘം കുട്ടികളെ സംബന്ധിച്ചു പട്ടിക തയ്യാറാക്കി അന്വേഷിക്കുന്നത്.


പ്രദേശത്ത് കഞ്ചാവ് കച്ചവടം നടത്തുന്ന ചിലര്‍ ഇതിനു പിന്നിലെന്നും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് ആവശ്യമുളളയാളുകള്‍  ഇതിന് ഇടനിലക്കാരനായ വിദ്യാര്‍ത്ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്കു ഗൂഗിള്‍ പേ ആപ്പിലൂടെയാണ് പണം കൈമാറുന്നത്. വിദ്യാര്‍ത്ഥികളില്‍ നിന്നും വാങ്ങുന്ന പണവും ഗൂഗിള്‍ പേയിലൂടെ  കച്ചവടക്കാരന് നല്‍കുന്നു. എന്നാല്‍ ഇവര്‍ കഞ്ചാവ് വില്‍ക്കുന്നതോ കൈവശം വക്കുന്നതോ എക്‌സൈസിനു കണ്ടെത്താനായിട്ടില്ല. ഏറ്റുമാനൂര്‍ സ്വദേശികളായ മൂന്നു വിദ്യാര്‍ത്ഥികളാണ് അതീവ നിരീക്ഷണത്തിലുള്ളത്. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ താമസക്കാരായ നിരവധി വിദ്യാര്‍ത്ഥികളും ഇവരുടെ പങ്കാളികളാണെന്ന് കരുതുന്നു.


കഴിഞ്ഞ ദിവസം എക്‌സൈസ് ഉന്നതാധികാരികള്‍ക്ക ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുണ്ടക്കയം എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍  സ്ഥലത്ത് എത്തിയെങ്കിലും കാര്യമായ തെളിവുകള്‍ കണ്ടെത്താനായില്ല. പിന്നീട് എരുമേലി റേഞ്ചു ഇന്‍സ്‌പെക്ടർ അഭിലാഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി. ഇന്റര്‍നെറ്റ് സാമ്പത്തിക കൈമാറ്റം സംബന്ധിച്ചു വ്യക്തമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചു ഡപ്യൂട്ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.തുടര്‍ നടപടിയുണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K