02 November, 2019 12:37:19 PM
ഡിമെന്‍ഷ്യ ബാധിതരെ പരിപാലിക്കുന്നവര്‍ പ്രതിദിനം ശരാശരി 10.6 മണിക്കൂര്‍ ചെലവിടുന്നുവെന്ന് വിദഗ്ധര്‍
കൊച്ചി: ഡിമെന്‍ഷ്യ ബാധിച്ച തങ്ങളുടെ പ്രിയപ്പെട്ടവരെ പരിപാലിക്കുന്നതിന് കൂട്ടിരിപ്പുകാര്‍ പ്രതിദിനം ശരാശരി 10.6 മണിക്കൂര്‍ ചെലവിടുന്നതായി സ്‌കിസോഫ്രിനിയ റിസേര്‍ച്ച് ഫൗണ്ടേഷന്‍ (സ്‌കാര്‍ഫ്) ചെന്നൈ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ.ശ്രീധര്‍ വൈതീശ്വരന്‍ പറഞ്ഞു. ഡിമെന്‍ഷ്യ സൗഹൃദ സമൂഹമെന്ന ലക്ഷ്യവുമായി എറണാകുളം ജില്ലാ ഭരണകൂടവും കുസാറ്റിലെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സസിന്റെ ഉദ്യമമായ പ്രജ്ഞയും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര സമ്മേളനം 'ഉദ്‌ബോധ്'-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂര്‍ ഉള്‍പ്പെടെ രാജ്യത്തെ മൂന്ന് പട്ടണങ്ങളില്‍ സ്‌കാര്‍ഫ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് ഇത്തരമൊരു പഠനം നടത്തുന്നതെന്നും ഡോ. ശ്രീധര്‍ വൈതീശ്വരന്‍ പറഞ്ഞു. ജപ്പാനില്‍ ഇത്തരത്തില്‍ നടത്തിയ പഠനങ്ങളില്‍ ഡിമെന്‍ഷ്യ ബാധിതരെ പരിപാലിക്കുന്നതില്‍ റോബോട്ടുകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഡിമെന്‍ഷ്യ ബാധിതരെ അര്‍ഥവത്തായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുകയെന്നതാണ് വലിയ വെല്ലുവിളിയെന്നും ഇതിന് റോബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തെ അഭിസംബോധന ചെയ്ത നിംഹാന്‍സ് ബെംഗലൂരു യോഗ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഹേമന്ത് ഭാര്‍ഗവ് ഡിമെന്‍ഷ്യയുടെ പ്രാരംഭ ഘട്ടങ്ങളില്‍ യോഗയ്ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് പറഞ്ഞു. ഡിമെന്‍ഷ്യയുടെ പ്രാരംഭ ഘട്ടങ്ങളില്‍ രോഗികളില്‍ ആശങ്കയും വിഷാദവുമാണ് പൊതുവായി കണ്ടുവരുന്നതെന്നും ഇതിന് യോഗയിലൂടെ പരിഹാരം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ എമിരിറ്റ ഓഫ് സോഷ്യോളജിയും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറുമായ പ്രൊഫ. കാത്തി ഗ്രീന്‍ബ്ലാറ്റ്, സൈക്യാട്രിസ്റ്റും നടനും അസ്തു എന്ന മറാത്തി സിനിമയില്‍ അല്‍ഷിമേഴ്‌സ് ബാധിതനായി വേഷമിട്ട ഡോ. മോഹന്‍ അഗാഷെ തുടങ്ങിയവരും സമ്മേളനത്തെ അഭിസംബോധന ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി പ്രൊഫ. കാത്തി ഗ്രീന്‍ബ്ലാറ്റിന്റെ ഫോട്ടോകളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം), എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡിറ്റിപിസി), കേരള ആരോഗ്യ സര്‍വകലാശാല (കെയുഎച്ച്എസ്), കൊച്ചി നഗരസഭ, എഡ്രാക്, ഐഎംഎ എറണാകുളം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ), അല്‍ഷിമേഴ്സ് ഡിസീസ് ഇന്റര്‍നാഷണല്‍ (എഡിഐ), അല്‍ഷിമേഴ്സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ, കൊച്ചി ചാപ്റ്റര്‍ (എആര്‍ഡിഎസ്‌ഐ), മാജിക്സ് (മാനേജിങ് ആന്‍ഡ് ജനറേറ്റിംഗ് ഇന്നോവഷന്‍സ് ഫോര്‍ കമ്മ്യൂണിറ്റി സര്‍വീസസ്) തുടങ്ങിയവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.