15 October, 2019 01:19:00 AM
കൂടത്തായി കൂട്ടക്കൊലപാതകം: മുഖ്യപ്രതി ജോളിയെയും കൂട്ടി പൊന്നാമറ്റം വീട്ടിലെ തെളിവെടുപ്പ് പുലർച്ചെയും തുടരുന്നു
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ കൂടത്തായി പൊന്നാമറ്റം വീട്ടിൽ എത്തിച്ച് നടത്തുന്ന തെളിവെടുപ്പ് പുലർച്ചെയും തുടരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡിന്റെ ബാക്കി ര.ഹസ്യസ്ഥലത്തു സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണു രാത്രി പത്തോടെ അന്വേഷണ സംഘം കൂടത്തായിയിൽ എത്തിയതെന്നാണു സൂചന.
തെളിവെടുപ്പിന് ജോളിയെ വീണ്ടും എത്തിച്ചതറിഞ്ഞ് നിരവധി ആളുകളാണ് വീടിനു സമീപത്തേക്കെത്തിയത്. ഈ ആളുകൾ പുലർച്ചെയും വീട്ടുപരിസരത്ത് തുടരുന്നുണ്ട്. ഐഎസ്ടിസെൽ എസ്.പി ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സങ്കേതിക സംഘവും അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പമുണ്ടെന്നാണ് വിവരം.
ജോളിയുടെ ഭർത്താവ് ഷാജു, ഇയാളുടെ പിതാവ് സക്കറിയാസ് എന്നിവരെ തിങ്കളാഴ്ച ഒരുമിച്ചിരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ആ സമയം ജോളിയിൽനിന്നു ലഭിച്ച വളരെ നിർണായകമായ വിവരത്തെ കുറിച്ച് ഉടനടി പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്.