12 October, 2019 10:32:54 AM


ഏഴു വയസുകാരന്‍റെ മരണം കൊലപാതകം; 10 വര്‍ഷം മുമ്പ് അടക്കിയ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും



തിരുവനന്തപുരം: ഭരതന്നൂരില്‍ കൊല്ലപ്പെട്ട ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന്റെ തീരുമാനം. 10 വര്‍ഷം മുമ്പ് അടക്കം ചെയ്ത ആദര്‍ശിന്റെ മൃതദേഹമാണ് പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത്. കൊലപാതകമെന്നു കണ്ടെത്തിയെങ്കിലും കൊലയാളി ആരെന്നു കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.


തിങ്കളാഴ്ച വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തും. ഭരതന്നൂര്‍ രാമരശേരി വിജയവിലാസത്തില്‍ വിജയകുമാറിന്റെ മകന്‍ ആദര്‍ശിനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2009 ഏപ്രില്‍ നാലിനു വൈകിട്ട് മൂന്നിനു കടയിലേക്കുപോയ ആദര്‍ശിനെ കാണാതാകുകയായിരുന്നു. തിരച്ചിലില്‍ വീട്ടില്‍ നിന്നും അകലെയുള്ള വയലിലെ കുളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. അപകടമരണമെന്നായിരുന്നു പോലീസ് ആദ്യം സ്ഥിരീകരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിക്കുകയും കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തില്‍ കേസ് ക്രൈബ്രാഞ്ചിനു കൈമാറി.


തലയ്ക്കും നട്ടെല്ലിനുമേറ്റ പരുക്കാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ മുങ്ങി മരണമാണെന്നാണ് പോലീസ് വിധിയെഴുതിയത്. തലക്കേറ്റ ക്ഷതമാണു മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. കുളം അന്വേഷണ സംഘം വെള്ളം വറ്റിച്ചു പരിശോധിച്ചെങ്കിലും തലയ്ക്കു ക്ഷതമേല്‍ക്കുന്ന കല്ലുപോലുള്ള ഒരു സാധനവും കുളത്തില്‍ കണ്ടെത്താനായില്ല. എന്നാല്‍ കുളത്തില്‍ നിന്നും ഒരു കുറുവടി പോലീസിനു ലഭിച്ചു. ഇതോടെ കൊലപാതകമെന്ന സംശയം കൂടുതല്‍ ബലപ്പെടുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K