06 October, 2019 02:19:12 PM
ജോളിയ്ക്ക് എന്‍ഐടി ഹോസ്റ്റലില്‍ ബ്യൂട്ടി പാര്‍ലര്‍; കുന്നമംഗലത്തെ ഒരു അഭിഭാഷകനും നിരീക്ഷണത്തിൽ
കോഴിക്കോട്: കൂടത്തായ് കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിക്ക് എൻഐടിയുമായി അടുത്ത ബന്ധം. എൻഐടിയിലെ ഒരു ഉദ്യോഗസ്ഥനുമായും ഇവർക്ക് അടുപ്പമുള്ളതായും സൂചന ലഭിച്ചു. എൻഐടി ലേഡീസ് ഹോസ്റ്റലിനകത്ത് ഇവർ വർഷങ്ങളായി ബ്യൂട്ടി പാർലർ നടത്തി വരികയാണ്. ഹോസ്റ്റലിനകത്തെ കുട്ടികൾക്ക് പുറത്ത് പോകാതിരിക്കാൻ ബ്യൂട്ടി പാർലർ, ടെയിലറിംഗ് യൂണിറ്റ്, തുണി അലക്കാനുള്ള സംവിധാനം തുടങ്ങിയവ ഹോസ്റ്റലിനകത്ത് അധികൃതർ ഒരുക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് ജോളി ക്യാമ്പസിനകത്ത് എത്തുന്നത്.
പെൺകുട്ടികളുമായി ഇവർക്ക് അധ്യാപകരെ പോലെ അടുത്ത ബന്ധമാണുള്ളത്. സെക്യൂരിറ്റിക്കാർ പോലും ധരിച്ചിരുന്നത് ഇവർ അസിസ്റ്റന്‍റ് പ്രൊഫസറാണെന്നാണ്. രാഗം, തത്വ തുടങ്ങിയ വലിയ പരിപാടികൾ നടക്കുമ്പോൾ പെൺകുട്ടികൾക്ക് മേയ്ക്കപ്പിടാൻ ഏറ്റവും കൂടുതൽ ആവശ്യമുള്ള ആളാണ് ജോളി. ഇവരെ എൻഐടിയിലുള്ള എല്ലാവർക്കും സുപരിചിതമാണ്. ഇവർ കൊലക്കേസ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞതോടെ എല്ലാവരും അറിയാത്ത പോലെ നടിക്കുകയാണ്. ഭർത്താവ് ഷാജു ഇവരെ വാഹനത്തിൽ എൻഐ ടി ഗേറ്റിനടുത്ത് ഇറക്കി വിടാറാണ് പതിവ്.
സെക്യൂരിറ്റിക്കാർ ഇവരെ അകത്തേക്ക് കടത്തി വിടുകയും ചെയ്യും. ചൂലൂരിലെ രണ്ട് ബ്രോക്കർമാരാണ് ഇവർ നിർമ്മിച്ച വ്യാജ ഒസ്യത്തിൽ ഒപ്പിട്ടതെന്നാണ് ലഭ്യമാകുന്ന വിവരം. നാട്ടുകാരോടെല്ലാം ഇവർ പറഞ്ഞത് എൻഐടിയിൽ അസിസ്റ്റന്‍റ് പ്രൊഫസറാണെന്നാണ് . ഭർത്താവ് റോയി കൊല്ലപ്പെട്ടപ്പോൾ എൻ ഐടിയിലെ ആരും വന്നിരുന്നില്ല. കാരണമന്വേഷിച്ചവരോട് ഇപ്പാൾ അവിടെയല്ല എന്നായിരുന്നു ഇവരുടെ മറുപടി.