05 October, 2019 03:15:09 PM


വിസ്മയക്കാഴ്ചകളുമായി ജംബോ സർക്കസ് അക്ഷരനഗരിയില്‍ ഒക്ടോബര്‍ 14 വരെ



കോട്ടയം: മെയ്‌വഴക്കത്തിന്‍റെയും സാഹസികതയുടെയും വിസ്മയക്കാഴ്ചകളുമായി ജംബോ സർക്കസ് അക്ഷരനഗരിയില്‍  ജൈത്രയാത്ര തുടരുന്നു. ലോക പ്രശസ്ത തന്‍സാനിയന്‍ എത്യോപ്യന്‍ കലാകാരന്മാരുള്‍പ്പെടെ കാഴ്ച വെക്കുന്ന സര്‍ക്കസ് മാമാങ്കത്തിന് കോട്ടയം നാഗമ്പടം മൈതാനിയില്‍ ഒക്ടോബര്‍ 14ന് തിരശീല വീഴും. 8ന് സമാപിക്കാനിരുന്ന പ്രദര്‍ശനം 14 വരെ നീട്ടിയതാണ്. 18 മുതല്‍ പെരുമ്പാവൂരിലായിരിക്കും പ്രദര്‍ശനം.


അഭ്യാസപ്രകടനങ്ങളുടെ പുതുമകൊണ്ടും അവതരണരീതിയുടെ മികവുകൊണ്ടും ഇന്ത്യയിലെ ഒന്നാം നമ്പര്‍ സര്‍ക്കസ് എന്ന ബഹുമതി നിലനിര്‍‌ത്തിപോരുന്ന ജംബോ സര്‍ക്കസിലെ ആകര്‍ഷകവും സാഹസികവുമായ ഇനമാണ്  നേപ്പാള്‍ സ്വദേശികളായ വിക്രമും താനിയയും ചെയ്യുന്ന ഡബിള്‍സാരി അക്രോബാറ്റ് ഡാൻസ്. ശരീരത്തിനെ ഒരു റബ്ബര്‍ തുണ്ടുപോലെ വളച്ചൊടിക്കുന്ന വിസ്മയിപ്പിക്കുന്ന ഒരിനമാണ് ഡബിള്‍ ബോണ്‍ലസ് ആക്ട്. ഗ്ലോബിനുള്ളിലെ മോട്ടോര്‍ സൈക്കിള്‍ അഭ്യാസം, സ്പ്രിംഗ് ബോര്‍ഡ് ആക്രോബാറ്റ്, റഷ്യന്‍ റോപ്പ് ആക്രോബാറ്റ്, അറേബ്യൻ അഗ്നിനൃത്തം, സ്കേറ്റിംഗ്, ഫ്ലയിംഗ് ട്രപ്പീസ്, എയ്റോബാറ്റിക്സ്, റഷ്യൻ കുതിരസവാരി തുടങ്ങി ഒട്ടേറെ ആകര്‍ഷണീയ ഇനങ്ങളാല്‍ സമ്പന്നമാണ് ജംബോ കൂടാരം.




ആഫ്രിക്കന്‍, എത്യോപ്യന്‍ കലാകാരന്മാര്‍ ജംബോ സര്‍ക്കസിലൂടെ ഇന്ത്യയില്‍ ആദ്യമായി അണിനിരക്കുകയാണ്. റോപ്പ് സ്കിപ്പിംഗ്, പോള്‍ ആക്രോബാറ്റിക്സ്, ഫയര്‍ ഡാന്‍സ്, ജിംനാസ്റ്റിക്സ് തുടങ്ങിയ ഇനങ്ങളുമായി തന്‍സാനിയന്‍ കലാകാരന്മാരായ സുലൈമാന്‍ ഫഹം യാക്കൂബ്, കാഡ്നേക ഹമദ് അബ്ദുള്ള, റമദാന്‍ സയിദ് റമദാന്‍, ഒമാരി ഹമാദി ഉപിന്‍ഡോ എന്നിവര്‍ കാണികളുടെ മനം കവരുന്നു. എത്യോപ്യന്‍ കലാകാരന്മാരായ തിരാമര്‍ കാസ, ദേസി അല്‍ഹഗാ അബ്രാല്‍, അസിഫാ ഡമ്രാവി ദേസാലന്‍, യോനാസ് ദിരാര മെങ്കേസ്ന എന്നിവരുടെ അതിസാഹസികപ്രകടനങ്ങള്‍ കോട്ടയം നാഗമ്പടത്തെ കൂടാരത്തില്‍ ഹര്‍ഷാരവം മുഴക്കുകയാണ്.



കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏറെ പ്രീയങ്കരമായ മൃഗങ്ങളുടെ അഭ്യാസപ്രകടനങ്ങളാണ് മറ്റൊന്ന്. റഷ്യന്‍ ട്രയിന്‍ഡ് ഹോഴ്സ് റൈഡിംഗ്, ഡോഗ് ആക്ട്, ക്യാമല്‍ ആക്ട്, മക്കാവോ, കക്കാട്ടൂസ് ആക്ട് തുടങ്ങിയവ ഏറെ ആസ്വാദ്യകരമാക്കുന്നു. മനോഹരവും വര്‍ണ്ണശബളവുമായ തൂവലുകളുള്ള അമേരിക്കന്‍ തത്തയായ മക്കാവോ, ആസ്ട്രേലിയ, ന്യൂഗ്വിനിയ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ കാണുന്ന കുശാഗ്രബുദ്ധിയുള്ള ഒരിനം തത്തകളാണ് കൊക്കൂട്ടൂസ്. മക്കാവോയും കൊക്കൂട്ടൂസും ചേര്‍ന്നുള്ള സീസോ ബാലന്‍സ്, ഏണിക്കു മുകളില്‍ പതാക പറപ്പിക്കല്‍, ദണ്ഡിനും ചരടിനും മുകളിലൂടെയുള്ള സൈക്കിള്‍ ബാലന്‍സ്, കൊക്കുകൊണ്ട് രഥം വലിയ്ക്കല്‍ തുടങ്ങിയ അഭ്യാസങ്ങള്‍ അത്യന്തം ആകാംക്ഷാഭരിതവും ആകര്‍ഷണീയവുമാണ്.


ഇന്ത്യന്‍ സര്‍ക്കസിലെ ഇതിഹാസം എന്ന് വിശേഷിപ്പിക്കുന്ന കണ്ണൂര്‍ സ്വദേശി എം.വി.ശങ്കരനാണ് ജംബോ സര്‍ക്കസിന് തുടക്കമിട്ടത്. 1977ല്‍ ബീഹാര്‍ ഘാനാപൂറിലായിരുന്നു പ്രഥമ പ്രദര്‍ശനം. ഇദ്ദേഹത്തിന്‍റെ മക്കളായ അജയ് ശങ്കര്‍, അശോക് ശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജംബോ ഇപ്പോള്‍ ജൈത്രയാത്ര തുടരുന്നത്. ദിവസേന മൂന്ന് പ്രദര്‍ശനങ്ങളാണ് ഉള്ളത്. പകല്‍ 1 മണിക്കും 4 മണിക്കും 7 മണിക്കും. 100, 200, 300 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. 300 രൂപയുടെ സീറ്റുകള്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ മുന്‍കൂര്‍ ബുക്ക് ചെയ്യാവുന്നതാണ്. ഫോണ്‍ - 9847710120, 8281484808. ഓണ്‍ലൈന്‍ ബുക്കിംഗിന് - www.bookmyseats.in






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K