05 October, 2019 10:35:55 AM


കൂടത്തായിലെ ദുരൂഹ മരണങ്ങൾ: മരിച്ച റോയിയുടെ ഭാര്യ ജോളിയും ജ്വല്ലറി ജീവനക്കാരനും പോലീസ് കസ്റ്റഡിയിൽ






കോഴിക്കോട് : കൂടത്തായില്‍ ദമ്പതികളും മകനും ബന്ധുക്കളും ഉള്‍പ്പെടെ ആറ് പേരുടെ ദുരൂഹ മരണങ്ങളുമായി  ബന്ധപ്പെട്ട് രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍. മരിച്ച റോയിയുടെ ഭാര്യ ജോളിയെയും ബന്ധുവായ ജ്വല്ലറി ജീവനക്കാരനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ നിന്നാണ് ജോളിയെ കസ്റ്റഡിയിലെടുത്തത്. റോയിയുടെ മരണത്തിന് കാരണമായ സൈനയിഡ് എത്തിച്ചത് ജ്വല്ലറി ജീവനക്കാരനാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.


കൂടത്തായിലെ ദൂരൂഹമരണങ്ങള്‍ ആസൂത്രിതമായിരുന്നുവെന്ന സൂചനകള്‍ പുറത്ത് വന്നത് നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. കുടുംബത്തില്‍ സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നുവെന്ന് പൊതു പ്രവര്‍ത്തകര്‍ പോലും മനസിലാക്കിയത് ക്രൈംബ്രാഞ്ച് പലരേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ മാത്രമായിരുന്നു. 'സയനൈഡിന്‍റെ അളവ്, എങ്ങനെ മിക്സ് ചെയ്തു എന്നിവയൊക്കെ വിശദമായി പരിശോധിച്ചിട്ടുണ്ട്. ഒരുമിച്ച്‌ കഴിച്ചാല്‍ ഉടനെ മരിച്ചുപോകുന്ന തരത്തിലുള്ള വിഷമാണിത്. അനുബന്ധ തെളിവുകളും മൊഴികളും ഫൊറന്‍സിക് പരിശോധനാ ഫലവും ലഭിച്ചാല്‍ കേസ് ശക്തമാകും'. റൂറല്‍ എസ്‍പി കെ ജി സൈമണ്‍ പറഞ്ഞു.


ഗൃഹനാഥനായ റോയ് സയനൈഡ് ഉള്ളില്‍ച്ചെന്ന് പൊടുന്നനെയാണ് മരിച്ചത് എന്നതില്‍ പൊലീസിന് തര്‍ക്കമില്ല. ബാക്കിയുള്ളവരെയാണ് പതുക്കെപ്പതുക്കെ സയനൈഡ് നല്‍കി കൊന്നത്. മരിച്ച കുട്ടിയടക്കം ആറ് പേരുടെയും മൃതദേഹ അവശിഷ്ടങ്ങള്‍ ഇന്നലെ വൈകിട്ട് കല്ലറ തുറന്ന് പുറത്തെടുത്ത് രാസപരിശോധനയ്ക്ക് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ആറ് മരണങ്ങളിലും തനിക്ക് പങ്കുണ്ടെന്ന് ജോളി പൊലീസിനോട് തുറന്ന് സമ്മതിച്ചത്. കേസില്‍ മറ്റ് ബന്ധുക്കള്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതില്‍ പൊലീസ് ഇതുവരെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ കുറ്റാരോപിതയായ ജോളി പിന്നീട് വിവാഹം കഴിച്ചത് മരിച്ച സിലിയുടെ ഭര്‍ത്താവിനെയാണ്. ഗൃഹനാഥനായിരുന്ന ടോം തോമസിന്‍റെ സഹോദരന്‍റെ മകനാണിയാള്‍. ഇയാളുടെ ഭാര്യ സിലിയും പത്ത് മാസം പ്രായമുള്ള കുഞ്ഞും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K