18 September, 2019 10:26:43 PM
വിവാഹതട്ടിപ്പ്, പീഡനക്കേസുകളിലെ പ്രതി പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി
കോട്ടയം: വിവാഹതട്ടിപ്പ്, പീഡനക്കേസുകളിലെ പ്രതിയായ യുവാവ് മറ്റൊരു പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈകോടതി തള്ളി. പരസ്പരം അറിയിക്കാതെ 19 വർഷത്തോളം ഒരേ സമയം രണ്ട് യുവതികളെ പ്രണയിക്കുകയും ഇവര്‍ അറിയാതെ മറ്റൊരു വിവാഹം കഴിച്ച് ഓസ്‌ട്രേലിയയിലേയ്ക്ക് പറക്കുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ കോട്ടയം വയല ഇടവയ്ക്കൽ സുധീഷ് ദിവാകര്‍ (42) നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. പല കാമുകിമാരില്‍ ഒരാളായ കോട്ടയം സ്വദേശിനി യുവതിയെ സ്വന്തമാക്കുന്നതിനായിരുന്നു ഹര്‍ജി. സുധീഷിനു വേണ്ടി സഹോദരന്‍ സുഭാഷാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ 12 വർഷമായി സുധീഷുമായി കടുത്ത പ്രണയത്തിലായിരുന്നു കോട്ടയം നഗരത്തിലെ പ്രമുഖ കുടുംബാംഗമായ പെൺകുട്ടി.
സുധീഷിനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്നായിരുന്നു പെൺകുട്ടിയുടെ വാശി. വീട്ടുകാരുമായി ഉടക്കിയ പെൺകുട്ടിയെ സുധീഷിനൊപ്പം ഇറങ്ങിപ്പൊക്കോളാൻ വരെ രക്ഷകര്‍ത്താക്കള്‍ക്കു സമ്മതിക്കേണ്ടി വന്നു. ഇതിനിടെയാണ് മറ്റൊരു യുവതിയുടെ പരാതിയില്‍ നടന്ന അന്വേഷണത്തെ തുടര്‍ന്ന് പീഡനക്കേസില്‍ സുധീഷ് അറസ്റ്റ് ചെയ്യപ്പെട്ടത്. ജയിലിലായ സുധീഷ് ജാമ്യത്തിൽ പുറത്തു വന്നപ്പോഴേക്കും പോലീസും രക്ഷകര്‍ത്താക്കളും ഇയാളുടെ ചതിയില്‍ അകപ്പെട്ട യുവതിയും ചേര്‍ന്ന് പെണ്‍കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയിരുന്നു. സുധീഷിന്‍റെ യഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞ പെണ്‍കുട്ടി ഇന്ന് കോടതിയില്‍ സുധീഷിനെതിരെ സംസാരിച്ചതോടെയാണ് ഹര്‍ജി തള്ളിയത്.
കോട്ടയം മുതൽ ഓസ്‌ട്രേലിയ വരെ നീണ്ട സുധീഷിന്‍റെ പ്രണയക്കെണിയിൽ കൂടുതൽ സ്ത്രീകൾ കുടുങ്ങിയിട്ടുണ്ടെന്ന് യുവതിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. രണ്ടു പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സുധീഷിനെതിരെ ഗാന്ധിനഗർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പും പരിശോധിച്ച പൊലീസ് കണ്ടത് നിരവധി പെൺകുട്ടികളുമായുള്ള ചാറ്റിംഗും, അശ്ലീല സന്ദേശങ്ങളുമായിരുന്നു. കല്ലറ സ്വദേശിനിയായ ഭാര്യ സുധീഷിന്‍റെ വഴിവിട്ട ബന്ധങ്ങള്‍ മനസിലാക്കിയതോടെ വിവാഹമോചനം നേടിയിരുന്നു.
സുധീഷുമായി പ്രണയത്തിലായ പെണ്‍കുട്ടിയുടെ വീട്ടിലേയ്ക്ക് അപ്രതീക്ഷിതമായി എത്തിയ ഒരു ഫോൺ കോളാണ് സംഭവത്തിന്‍റെ ഗുരുതരാവസ്ഥയിലേക്ക് വെളിച്ചം വീശിയത്. സുധീഷുമായി പ്രണയത്തിലായ മറ്റൊരു പെൺകുട്ടിയാണ് എന്ന അവകാശപ്പെട്ടായിരുന്നു ഫോൺ. താൻ പത്തൊൻപത് വർഷമായി സുധീഷുമായി പ്രണയത്തിലാണെന്നും, തന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് 19 വർഷമായി സുധീഷ് പീഡിപ്പിക്കുകയാണെന്നും പെൺകുട്ടി പറഞ്ഞു. സുധീഷിന്‍റെ നിർബന്ധത്തിന് വഴങ്ങി താൻ തന്‍റെ ആദ്യ വിവാഹത്തിൽ നിന്നും വിവാഹമോചനം നേടിയതായും പെൺകുട്ടി പറഞ്ഞു.
ഇതേ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാര്‍ ഡിവൈഎസ്പി ആർ.ശ്രീകുമാറിനു പരാതി നൽകി. തുടർന്ന് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ അനൂപ് ജോസ്, ഡിവൈ.എസ്.പി ഓഫിസിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ആർ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സുധീഷ്‌കുമാറിനെ പിടികൂടിയത്. ഈ രണ്ടു പെൺകുട്ടികളെയും പ്രണയിക്കുന്നതിനിടെയാണ് ഒരു സ്വകാര്യ ബസ് മുതലാളിയുടെ മകളെ വിവാഹം ചെയ്ത് സുധീഷ് ഓസ്‌ട്രേലിയയിലേയ്ക്ക് പറന്നത്. ഇവിടെ എത്തിയ ശേഷവും ഓൺലൈൻ വഴി നിരവധി പെൺകുട്ടികളുമായി അവിഹിത ബന്ധം പുലർത്തുകയും നഗ്നചിത്രങ്ങൾ അയക്കുകയും ചെയ്യുന്നത് തുടര്‍ന്നുപോന്നു. ഭാര്യ വിവാഹബന്ധം വേർപ്പെടുത്തിയതോടെ തിരികെ നാട്ടിലെത്തിയ ശേഷം 19 വർഷമായി പ്രണയിക്കുന്ന ആദ്യകാമുകിയുമായി വിവിധ സ്ഥലങ്ങളിൽ കറങ്ങി നടക്കുന്നതിനിടെയാണ് ഇയാള്‍ക്കെതിരെ പരാതി പോലീസിന് ലഭിച്ചത്.