05 September, 2019 01:25:27 PM
പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഒമ്പത് പ്രതികളില്‍ എട്ട് പേരുടെയും ജീവപര്യന്തം ശിക്ഷ റദ്ദാക്കി
കൊച്ചി: പോൾ മുത്തൂറ്റ് വധക്കേസിൽ എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ല എന്ന നിരീക്ഷണത്തിലാണ് കൊലക്കുറ്റത്തിൽ നിന്ന് പ്രതികളെ കോടതി ഒഴിവാക്കിയിരിക്കുന്നത്. ഒമ്പത് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച തിരുവനന്തപുരം സിബിഐ കോടതി വിധിയിൽ എട്ട് പേരുടെയും ശിക്ഷ റദ്ദാക്കി. രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷ റദ്ദാക്കിയില്ല. സിബിഐ കോടതി വിധി ചോദ്യം ചെയ്ത് സതീഷ് മാത്രം ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നില്ല. 2015 സെപ്റ്റംബറിൽ തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ഈ വിധിയാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
2009 ആഗസ്ത് 21ന് ആലപ്പുഴയ്ക്ക് പോകുംവഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പ്രതികൾ പോൾ എം.ജോർജിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മണ്ണഞ്ചേരിയിലെ കുരങ്ങ് നസീർ എന്ന ഗുണ്ടയെ വകവരുത്താൻ പോയ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഒരു ബൈക്കപകടം കണ്ട് അപകടമുണ്ടാക്കിയ പോൾ എം.ജോർജിന്റെ ഫോർഡ് എൻഡവർ കാർ പിന്തുടർന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കാരി സതീഷും സംഘവും പോൾ ജോർജിനെ കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ. കേസ്.