28 August, 2019 08:31:01 PM


പോലീസിന് നേരെ പെട്രോള്‍ ബോംബ്: രണ്ട് പ്രതികള്‍ കൂടി പിടിയില്‍; ആറ് പേര്‍ കാണാമറയത്ത്



ഏറ്റുമാനൂർ: ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ വീട് കേറി ആക്രമിക്കുകയും പോലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം ഓണംതുരുത്ത് കവല ഭാഗത്ത് മേടയില്‍ പാസ്കലിന്‍റെ മകന്‍ അലക്സ് (19), അതിരമ്പുഴ ശ്രീകണ്ഠമംഗലം കുററിയേല്‍ക്കവല ഭാഗത്ത് കറുകച്ചേരില്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ അനന്തകൃഷ്ണന്‍ (18) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ കാണക്കാരി മാവേലിനഗര്‍ വലിയതടത്തിൽ ഡൽവിൻ ജോസഫ് (20) നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.  


നീണ്ടൂര്‍ റോഡില്‍ കോട്ടമുറി മുണ്ടുവേലിപ്പടിയ്ക്ക് സമീപം കഴിഞ്ഞ 21ന് പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ സംഭവത്തില്‍ പോലീസുകാര്‍ തലനാരിഴയ്ക്കാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. 20ന് രാത്രി 12 മണിയോടെ മലേപ്പറമ്പിൽ പയസ്സിന്‍റെ വീടിന് നേരെ പ്രതികള്‍ ഉള്‍പ്പെട്ട സംഘം നടത്തിയ അക്രമത്തെ തുടര്‍ന്ന് പ്രദേശത്ത് പരിശോധന നടത്തി വരുന്നതിനിടെയായിരുന്നു പോലീസിന് നേരെ ആക്രമണം. പയസിന്‍റെ വീട്ടിലെ ആക്രമണത്തിന് ശേഷം കടന്ന് കളഞ്ഞ സംഘം രണ്ട് കാറുകളിലായി കൂട്ടം കൂടി നിലയുറപ്പിച്ചപ്പോഴാണ് ഏറ്റുമാനൂർ പോലീസ് ഇവരെ കണ്ടെത്തിയത്. ഇതോടെ രക്ഷപ്പെടാൻ ശ്രമിക്കവെ കാറുകള്‍ അപകടത്തില്‍പെടുകയും വാഹനങ്ങളില്‍ നിന്ന് ഇറങ്ങിയോടും വഴി പ്രതികള്‍ പോലീസിന് നേരെ പെട്രോള്‍ ബോംബ് പ്രയോഗിക്കുകയുമായിരുന്നു.


സംഘത്തിൽപെട്ട കൌമാരക്കാരന്‍ പകൽ സമീപത്തെ റോഡിലൂടെ അമിത വേഗതയിൽ ബൈക്ക് ഓടിച്ച് പോയത് പയസും നാട്ടുകാരും ചോദ്യം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ചോദ്യം ചെയ്യലില്‍ പ്രകോപിതനായ ഇയാൾ രാത്രി സുഹൃത്തുക്കളെ കൂട്ടി വന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു. കുരുമുളക് സ്പ്രേയും വടിവാള്‍ ഉള്‍പ്പെടെ മാരകായുധങ്ങളും ആയിട്ടായിരുന്നു സംഘം എത്തിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറുകളില്‍ നിന്ന് ബിയര്‍ കുപ്പികളില്‍ നിറച്ച പെട്രോള്‍ ബോംബുകളും കൂടാതെ വടിവാളുകളും പോലീസ് കണ്ടെടുത്തിരുന്നു. 


പ്രദേശത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്ന വന്‍ റാക്കറ്റില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍ എന്നു സംശയിക്കുന്നു. ഏറ്റുമാനൂര്‍ സിഐ എ.ജെ.തോമസ്, സബ് ഇന്‍സ്പെക്ടര്‍ അനൂപ് സി നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനിടെ വീടിന് സമീപത്തുനിന്നുമാണ് പ്രതികള്‍ പിടിയിലായത്. ഒമ്പത് പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇനി ആറ് പേരെ കൂടി പിടികൂടാനുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K