24 August, 2019 11:40:45 AM
ദുരഭിമാനക്കൊല 'അപൂർവങ്ങളിൽ അപൂർവ'മെന്ന് കോടതി; പൊട്ടിക്കരഞ്ഞ് പ്രതികള്‍: വിധി ചൊവ്വാഴ്ച
കോട്ടയം: കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായ കെവിൻ വധക്കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നാണ് ജഡ്ജിയുടെ നിരീക്ഷണം. കേസിൽ വാദം പൂർത്തിയായി. വിധി ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രതികൾ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ. പ്രതികളുടെ പ്രായവും കുടുംബസാഹചര്യവും കണക്കിലെടുത്ത് പരമാവധി ശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതിഭാഗം വാദിച്ചു.
കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ അടക്കം 10 പ്രതികൾ കുറ്റക്കാരെന്നു വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു. നീനുവിന്റെ പിതാവ് ചാക്കോ ജോൺ അടക്കം 4 പേരെ വിട്ടയച്ചിരുന്നു. ഇവർക്കെതിരെ 9 വകുപ്പുകൾ അനുസരിച്ചുള്ള കുറ്റം നിലനിൽക്കും. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയത്. കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നീനുവിന്റെ സഹോദരൻ സാനു ചാക്കോ, നിയാസ് മോൻ (ചിന്നു), ഇഷാൻ ഇസ്മായിൽ, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരൻ, ഷിഫിൻ സജാദ്, എൻ.നിഷാദ്, ഫസിൽ ഷെരീഫ്, ഷാനു ഷാജഹാൻ, ടിറ്റു ജെറോം എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നത്.
നീനുവിന്റെ പിതാവ് ചാക്കോ ജോൺ, റെമീസ് ഷെറീഫ്, ഷിനു ഷാജഹാൻ, വിഷ്ണു (അപ്പുണ്ണി) എന്നിവരാണ് വെറുതെ വിട്ട മറ്റുള്ളവർ. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് ചാക്കോയെ വെറുതെവിട്ടത്. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ, നീനുവിന്റെ സഹോദരൻ സാനു ചാക്കോ തുടങ്ങി 14 പ്രതികളാണു കേസിലുണ്ടായിരുന്നത്. 7 പ്രതികൾ പതിന്നാലര മാസമായി ജാമ്യം ലഭിക്കാതെ റിമാൻഡിലാണ്. 2 പ്രതികൾ 6 മാസത്തിനു ശേഷം ജാമ്യത്തിൽ ഇറങ്ങിയെങ്കിലും വിസ്താരസമയത്തു സാക്ഷിയെ മർദിച്ചതായി കേസ് എടുത്തതോടെ ജാമ്യം റദ്ദാക്കിയിരുന്നു.
ആകെ 113 സാക്ഷികളാണുള്ളത്. വിസ്താരത്തിനിടെ ആറു സാക്ഷികൾ കൂറുമാറിയിരുന്നു. ഇവരിൽ രഹസ്യമൊഴി നൽകിയ ശേഷം കൂറുമാറിയ സാക്ഷിക്കെതിരെ നടപടിയെടുക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കെവിന്റെ ഒപ്പം തട്ടിക്കൊണ്ടുപോയ ഇരയും പ്രധാന സാക്ഷിയുമായ അനീഷ് സെബാസ്റ്റ്യൻ, കെവിന്റെ ഭാര്യ നീനു, കെവിന്റെ അച്ഛൻ ജോസഫ്, കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന സാനു ചാക്കോ സഞ്ചരിച്ച കാർ പരിശോധിക്കുകയും പ്രതികളുടെ ചിത്രങ്ങൾ പകർത്തുകയും ഇവരുമായി പല തവണ ഫോണിൽ സംസാരിക്കുകയും ചെയ്ത എഎസ്ഐ ടി.എം.ബിജു തുടങ്ങിയവരെ കോടതിയിൽ വിസ്തരിച്ചു. പ്രധാന സാക്ഷികൾ എല്ലാം പ്രതികൾക്കെതിരെ മൊഴി നൽകി.
തെന്മലയ്ക്കു സമീപത്തെ ചാലിയക്കര പുഴയിൽ കെവിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണു കേസ്. 2018 മേയ് 28നായിരുന്നു സംഭവം. കോട്ടയം മാന്നാനത്തുള്ള വീട്ടിൽ നിന്നു കെവിനെയും ബന്ധു അനീഷിനെയും മേയ് 27ന് 13 അംഗ സംഘം തട്ടിക്കൊണ്ടുപോയി. അനീഷിനെ സംക്രാന്തിയിൽ ഇറക്കിവിട്ടശേഷം കെവിനുമായി അവർ കടന്നുകളഞ്ഞു. പിന്നീട് തെന്മലയിൽനിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്.