08 August, 2019 07:20:08 PM


കനത്ത മഴ: പൊതുമരാമത്ത് വകുപ്പ് പാലങ്ങളുടെയും റോഡുകളുടെയും നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെച്ചു



തിരുവനന്തപുരം: കനത്ത മഴയും വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും കാരണം സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുവാന്‍ മ്ന്തി ജി.സുധാകരന്‍റെ നിര്‍ദ്ദേശം. മഴമാറി അനുയോജ്യമായ സാഹചര്യം ഉണ്ടായതിന് ശേഷം മാത്രം പ്രവൃത്തി പുനരാരംഭിച്ചാല്‍ മതിയെന്നും അദ്ദേഹം ചീഫ് എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


റോഡുകളില്‍ തടസ്സമുണ്ടായിടത്തും, മണ്ണിടിഞ്ഞിടത്തും അടിയന്തിരമായി എഞ്ചിനീയര്‍മാര്‍ പരിശോധന നടത്തി ജില്ലാ കളക്ടര്‍മാരുമായും, പോലീസ് സേനയുമായും, ബന്ധപ്പെട്ട് ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കാലാവസ്ഥ അപകടകരമായ സ്ഥലങ്ങളിലേക്കുള്ള റോഡുകള്‍ ഒഴിവാക്കി വഴിതിരിച്ച് പോകുന്നതിനുള്ള ജാഗ്രത നിർദ്ദേശം നല്‍കുന്നതിന് റോഡ്, പാലങ്ങള്‍, ഹൈവേ വിഭാഗങ്ങളിലെ എഞ്ചിനീയർമാർക്ക് നിർദ്ദേശം നല്‍കിയിട്ടുള്ളതായും സുധാകരന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

.

മഴക്കാലത്ത് അടിയന്തിര സാഹചര്യങ്ങളില്‍ അല്ലാതെ റോഡുകള്‍ വെട്ടിപൊളിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അടിയന്തിര ആവശ്യങ്ങള്‍ക്ക് അല്ലാതെ റോഡുകളുടെ ഉപരിതലമോ റോഡുകളോട് ചേര്‍ന്നുള്ള ഇരുവശമോ വെട്ടി പൊളിക്കുവാന്‍ പാടില്ല. വെട്ടിപൊളിച്ചാല്‍ തന്നെ അത് ജില്ലാ കളക്ടറുടെയും സ്ഥലം എം.എല്‍.എയുടെയും അറിവോട് കൂടി നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിച്ച് മാത്രമായിരിക്കണം.


സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ ഉരുള്‍പൊട്ടലും, പാലം കവിഞ്ഞ് വെള്ളം ഒഴുകുന്നതും, മണ്ണിടിയലും, വെള്ളപൊക്കവും, മരം കടപുഴകി വീഴുന്നതും, ദേശീയപാതയിലെയടക്കം റോഡുകളിലെ ഗതാഗതം സ്തംഭിച്ച അവസ്ഥയും ഉണ്ടായിട്ടുണ്ട്. കനത്ത മഴയില്‍ നാശനഷ്ടം സംഭവിക്കുന്നത് ഒഴിവാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആളപായങ്ങളും നാശനഷ്ടങ്ങളും ഒഴിവാക്കുന്നതിന് എല്ലാവരും ജാഗ്രതരായിരിക്കണമെന്നും സർക്കാർ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K