05 August, 2019 05:45:00 PM


സസ്‌പെന്‍ഷന്‍: രക്തത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യമില്ല; ശ്രീറാമിനെ ട്രോമ ഐസിയുവിലാക്കി



തിരുവനന്തപുരം: മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസില്‍ സര്‍വേ ഡയറക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ശ്രീറാമിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തന്നെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ശ്രീറാമിനെതിരായ കേസിന്‍റെ വിശദാംശങ്ങള്‍ പോലീസില്‍ നിന്ന് ലഭിച്ചതോടൊണ് നടപടികള്‍ പൂര്‍ത്തിയായത്. ഒരു കേസില്‍ 48 മണിക്കൂര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരുന്നാല്‍ സ്വഭാവികമായും സസ്‌പെന്‍ഷന്‍ ലഭിക്കും. ആ സമയപരിധിക്കു മുന്‍പേ തന്നെ സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കുകയായിരുന്നു. ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിച്ചതാണ് നടപടിക്ക് കാരണം.


അതിനിടെ, ശ്രീറാമിന്‍റെ രക്തത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യമില്ലെന്ന പരിശോധനാഫലം പുറത്തുവന്നു. രക്തപരിശോധനയുടെ ഫലം പോലീസിന് കൈമാറി. മദ്യത്തിന്‍റെ സാന്നിധ്യമില്ലെന്ന സൂചന ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 12.55 ഓടെയുണ്ടായ അപകടത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശ്രീറാമില്‍ നിന്നും ഒമ്പത് മണിക്കൂറിനു ശേഷമാണ് രക്തപരിശോധനയ്ക്ക് സാംപിള്‍ എടുത്തത്. എന്നാല്‍ രക്തത്തില്‍ മദ്യസാന്നിധ്യമില്ലെന്ന റിപ്പോര്‍ട്ട് കേസിനെ ബാധിക്കില്ലെന്നും ഐപിസി 304 പ്രകാരം കേസുമായി മുന്നോട്ടുപോകാന്‍ കഴിയുമെന്നും അതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു.


ശ്രീറാമിനെ മെഡിക്കല്‍ കോളജിലെ ട്രോമ കെയര്‍ വിഭാഗത്തിലെ ഐ.സി.യു വിലേക്ക് മാറ്റി. ശ്രീറാം കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയതിനാല്‍ മാനസികാരോഗ്യ വിദഗ്ധന്‍റെ സേവനം ലഭ്യമാക്കാന്‍ ഇന്നു ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനപ്രകാരമാണ് ട്രോമ യൂണിറ്റിലേക്ക് മാറ്റിയത്. ശ്രീറാമിനെ മൂന്നു ദിവസം നിരീക്ഷിക്കാനാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനം. ബാഹ്യമായ പരിക്കുകള്‍ ഇല്ലെങ്കിലും ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. സ്‌കാനിംഗ് അടക്കമുള്ള പരിശോധനകളുടെ ഫലം വരാനിരിക്കുന്നതേയുള്ളൂ.


അപകടത്തിനു പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശ്രീറാമിനെ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ശ്രീറാമിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ട് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തുവെങ്കിലും ജയില്‍ സൂപ്രണ്ടിന്‍റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ശരീരം മുഴുവന്‍ മൂടി മുഖാവരണവും ധരിപ്പിച്ചാണ് ശ്രീറാമിനെ അത്യാധുക സൗകര്യമുള്ള ആംബുലന്‍സില്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പുറത്തുകൊണ്ടുവന്നത്.


മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രീറാമിനെ ആദ്യം പോലീസ് സെല്ലിലും പിന്നീട് മള്‍ട്ടി സ്‌പെഷ്യല്‍ സെല്ലിലേക്കും മാറ്റി. ശ്രീറാമിന്റെ കൈക്കും നട്ടെല്ലിനും ചെറിയ പരിക്കുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നീടാണ് ട്രോമ ഐസിയുവിലേക്ക് മാറ്റിയത്. അതിനിടെ, ശ്രീറാമിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. നാളെ വാദം കേള്‍ക്കാമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി - മൂന്ന് വ്യക്തമാക്കി. കേസില്‍ രാഷ്ട്രീയ, മാധ്യമ സമ്മര്‍ദ്ദമുണ്ടെന്നും ശ്രീറാമിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.


അതിനിടെ, ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം പോലീസ് മുന്നോട്ടുവച്ചിട്ടുണ്ട്. വിരലടയാളം അടക്കമുള്ള തെളിവുകള്‍ എടുക്കാനുണ്ടെന്ന വാദമാണ് പോലീസ് മുന്നോട്ടുവയ്ക്കുന്നത്. നിയമത്തെ കുറിച്ച് നല്ല ബോധമുള്ളയാളാണെന്നും അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K