04 August, 2019 05:42:48 PM
സുഖവാസം അവസാനിച്ചു; ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
തിരുവനന്തപുരം: മദ്യപിച്ച് വണ്ടിയോടിച്ച് മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ റിമാൻഡ് പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയായ കിംസിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണ്.
ആഢംബര സൗകര്യങ്ങളോടെ, അച്ഛന്‍റെയും ബന്ധുക്കളുടെയും ഒപ്പമാണ് റിമാൻഡിലായിരുന്നിട്ടും ശ്രീറാം വെങ്കിട്ടരാമൻ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്നത്. ശ്രീറാമിന്‍റെ വാട്‍സാപ്പ് നമ്പർ പലപ്പോഴും ഓൺലൈനിലുമാണ്. എന്താണ് ശ്രീറാമിന്‍റെ ആരോഗ്യപ്രശ്നമെന്ന് പൊലീസോ ആശുപത്രി അധികൃതരോ വ്യക്തമാക്കിയിരുന്നില്ല.
സ്ട്രച്ചറില്‍ കിടത്തിയാണ് ശ്രീറാമിനെ പുറത്തേക്ക് കൊണ്ടുവന്നത്. മുഖത്ത് മാസ്ക് ഇട്ടിരുന്നു. ശ്രീറാം കണ്ണടച്ച് കിടക്കുകയായിരുന്നു. എന്നാൽ കൈയ്ക്കും കാലിനും ഒടിവ് ഇല്ലെന്നാണ് ഇതുവരെ ഡോക്ടർമാർ നൽകിയ വിവരം. ഇടിച്ചതിന്‍റെ പരിക്കുകളാണുള്ളത്. വലിയ പരിക്കുകളില്ലെന്നാണ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും വിശദീകരിച്ചിരുന്നു.
അപകടമുണ്ടായ ശേഷം, തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർ ശ്രീറാമിനെ മെഡിക്കൽ കോളേജിലേക്കാണ് റഫർ ചെയ്തത്. എന്നാൽ ശ്രീറാം ഇത് കേൾക്കാതെ സ്വകാര്യ ആശുപത്രിയായ കിംസിലേക്കാണ് പോയത്. സുഹൃത്തുക്കളായ ഡോക്ടർമാരുടെ സംഘം ശ്രീറാമിനൊപ്പമുണ്ടായിരുന്നു കിംസിൽ എന്നാണ് വിവരം.
ഇന്നലെ ശ്രീറാമിന്‍റെ വിരലടയാളം എടുക്കാൻ പോലും പൊലീസിനെ ഡോക്ടർ അനുവദിച്ചിരുന്നില്ല. ഒരു കൈയിൽ മുറിവും മറ്റേ കയ്യിൽ ഡ്രിപ്പുമുണ്ടെന്ന് പറഞ്ഞായിരുന്നു ഇത്. ഇത് പൊലീസ് അനുസരിക്കുകയും ചെയ്തു. ഫൊറൻസിക് വിദഗ്ധർ കാറോടിച്ചയാളുടെ വിരലടയാളം എടുത്തിരുന്നു. ഇത് ഒത്തുനോക്കാൻ പോലും പൊലീസിന് കഴിഞ്ഞിരുന്നില്ല.