04 August, 2019 02:29:56 PM
കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകൻ ബഷീറിന്‍റെ കുടുബത്തിന് എം.എ യൂസഫലിയുടെ കൈത്താങ്ങ്

അബുദാബി: ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ യാത്ര ചെയ്ത കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്‍റെ കുടുബത്തിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ കൈത്താങ്ങ്. ബഷീറിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് യൂസഫലി അറിയിച്ചു. ഭാര്യ ജസീലയും മക്കളായ ജന്ന (ആറ്), ആസ്മി (ആറ് മാസം) എന്നിവരുടെയും ഭാവിജീവിതത്തിനാണ് ഈ തുകയെന്നും, ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടയായതെന്നും അനുശോചന സന്ദേശത്തില്‍ യൂസഫലി പറഞ്ഞു. തുക ഉടന്‍ തന്നെ ബഷീറിന്റെ കുടുംബത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായിട്ടും ശ്രീറാം വെങ്കിട്ടരാമന്‍ സ്വകാര്യ ആശുപത്രിയിലാണ് കഴിയുന്നത്. ആശുപത്രിയിലെ സൂപ്പര്‍ ഡീലക്‌സ് റൂമിലാണ് ചികിത്സയില്‍ കഴിയുന്നത്. എസി, ടിവി തുടങ്ങി അത്യാഡംബര സൗകര്യങ്ങള്‍ എല്ലാമുണ്ട്. മാത്രമല്ല റിമാന്‍ഡിലാണെങ്കിലും ശ്രീറാമിന് ഫോണ്‍ ഉപയോഗിക്കുന്നതിന് യാതൊരു തടസവുമില്ല. പരിചയക്കാരായ യുവ ഡോക്ടര്‍മാരാണ് പരിചരിക്കുന്നത്. ആശുപത്രിയില്‍ റൂമിന് വെളിയില്‍ മൂന്ന് പൊലീസുകാര്‍ കാവല്‍ നില്‍ക്കുന്നുണ്ട്.
ശ്രീറാമിന് ഗുരുതരമായ പരിക്കുകളില്ലെന്ന് ഡോക്ടര്‍മാര്‍ ഇന്നലെ തന്നെ സൂചിപ്പിച്ചിരുന്നു. ചുമലിലും കൈക്കും ചെറിയ മുറിവുകള്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ടുതന്നെ ആശുപത്രിയില്‍ ചികില്‍സ തുടരേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അഥവാ ചികില്‍സ നല്‍കേണ്ടതുണ്ടെങ്കില്‍ മെഡിക്കല്‍ കോളേജിലെ സെല്‍ വാര്‍ഡിലേക്ക് മാറ്റേണ്ടതാണെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
ഇന്നലെയാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടത്തിന് ഉത്തരവാദിയായ ശ്രീറാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്‌തെങ്കിലും ശ്രീറാമിനെ സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ പൊലീസ് അനുവാദം നല്‍കുകയായിരുന്നു.