03 August, 2019 12:41:11 PM
വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് പണത്തിൽ വൻ തിരിമറി; കണക്കുകൾ കൈകാര്യം ചെയ്തിരുന്നത് വാച്ചർ

- സ്വന്തം ലേഖകൻ
വൈക്കം: മഹാദേവ ക്ഷേത്രത്തിലെ വഴിപാട് പണത്തിൽ വൻ തിരിമറി നടന്നതായി കണ്ടെത്തൽ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പത്ത് ലക്ഷത്തിലധികം രൂപയാണ് കാണാതായത്. ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് വൻ വെട്ടിപ്പ് നടന്നതായി കണ്ടത്. കാണാതായ 4 രസീത് ബുക്ക് പരിശോധനയിൽ കണ്ടെടുത്തതോടെയാണ് തട്ടിപ്പ് പുറത്തായത്.
ജീവനക്കാരുടെ കുറവുമൂലം ഒരു വാച്ചറാണ് രണ്ട് വർഷമായി ഇവിടുത്തെ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. ദേവസ്വം അഡ്മിനിട്രേറ്റിവ് ഓഫിസറുടെ അറിവോടെയായിരുന്നു വാച്ചറെ ഇതിനായി നിയോഗിച്ചിരുന്നത്. ഈ കാലയളവിൽ മൂന്ന് പേരാണ് ആ ചുമതല വഹിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരാൾ അഡ്മിനിസ്ട്രേഷൻ ഓഫിസർ ഇൻ ചാർജ്ജ് ചുമതലയിലെത്തിയതാണ്.
വഴിപാട് പണത്തിൽ 10 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെ വാച്ചർ മൂന്ന് മാസമായി ജോലിക്ക് എത്തിയിട്ടില്ല. വാച്ചർ മുങ്ങിയതോടെ ചുമതലയുണ്ടായിരുന്ന രണ്ട് പേർ നഷ്ടപ്പെട്ട പണം അടച്ച് പ്രശ്നം ഒതുക്കി തീർക്കാനുള്ള നീക്കം നടത്തിയതായാണ് വിവരം. എന്നാൽ ഒരാൾ ഇതുവരെ പണമടക്കാൻ തയ്യാറായിട്ടില്ല. ഇതോടെ മുങ്ങിയ വാച്ചർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് ദേവസ്വം ബോർഡ്.
വേണ്ടത്ര ജീവനക്കാരില്ലാത്തത് ക്ഷേത്ര നടത്തിപ്പിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുന്നതായും പരാതി ഉയരുന്നുണ്ട്. ദേവസ്വം അക്കൗണ്ട് കൈകാര്യം ചെയ്യാൻ ആളിനെ നിയമിക്കാത്തതാണ് ലക്ഷങ്ങളുടെ തട്ടിപ്പിന് ഇടയായിരിക്കുന്നത്. നിലവിൽ ഭഗവാന്റെ തിരുവാഭരണത്തിന്റെ ചുമതല ഏറ്റെടുക്കാൻ പോലും ആളില്ലാത്ത സ്ഥിതിയാണ്. ജീവനക്കാർ ചുമതല ഏറ്റെടുക്കാൻ തയ്യാറാകാത്തതാണ് പ്രതിസന്ധി. ക്ഷേത്രസുരക്ഷക്കും വേണ്ടത്ര ജീവനക്കാരെ നിയമിച്ചിട്ടില്ല. ക്ഷേത്ര സ്ട്രോംഗ് റൂമിനടക്കം 8 വാച്ചർമാരാണ് വേണ്ടത്. എന്നാൽ 4 പേർ മാത്രമാണ് നിലവിലുള്ളത്.
ക്ഷേത്രത്തിലെ പൗരാണിക നിർമ്മിതികൾ പലതും ജീർണ്ണാവസ്ഥയിലായിട്ടും നന്നാക്കാൻ നടപടിയില്ലാത്തത് ഹൈക്കോടതിയിൽ ചൂണ്ടിക്കാണിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. ക്ഷേത്ര തിടപ്പിള്ളിയും അനുബന്ധ മുറികളും, സ്ട്രോഗ് റൂമടക്കം ജീർണ്ണാവസ്ഥയിലാണ്. ആനക്കൊട്ടിലിന്റെ മേൽക്കൂരയുടെ തകർച്ച പൗരാണിക മുഖാരവത്തിന്റെയടക്കം നാശത്തിനു കാരണമാവുന്ന സ്ഥിതിയാണുള്ളത്. നാലു ഗോപുരവാതിലിൽ നിന്ന് നോക്കിയാലും കാണാവുന്ന രീതിയിലുള്ള അപൂർവ്വ നിർമ്മിതിയായ ക്ഷേത്ര പത്തായപ്പുരയും ജീർണ്ണാവസ്ഥയിലാണ്. ക്ഷേത്രത്തിലെ പൗരാണിക നിർമ്മിതികളുടെ ജീർണ്ണാവസ്ഥ ചൂണ്ടിക്കാട്ടി ഹൈക്കോടതി നിയമിച്ച അഡ്വക്കേറ്റ് കമ്മീഷണർ രജിസ്ട്രർ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലാണ്. എന്നാൽ കൃത്യമായുള്ള ചെറിയ അറ്റകുറ്റപണിയിലൂടെ ഇവ സംരക്ഷിക്കാമെന്നിരിക്കെ കോടികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് പൊതുമരാമത്ത് വിഭാഗം കോടതിയിലെത്തുന്നത്.
യഥാസമയം അറ്റകുറ്റപണി നടത്താതെ അഷ്ടമി ഉത്സവമെത്തുമ്പോൾ തിരക്കിട്ട് ലക്ഷങ്ങൾ മുടക്കി പണി നടത്തുന്നതിനിടെ വൻ തട്ടിപ്പ്' നടക്കുന്നതായും അഡ്വക്കേറ്റ് കമ്മീഷണർ പി.രാജിവ് കോടതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ക്ഷേത്ര നടത്തിപ്പിൽ വീഴ്ചയും തിരിമറിയും വ്യക്തമായിട്ടും വഴിപാട് പണം വകമാറ്റി ചെലവഴിച്ചതായാണ് ദേവസ്വം വിശദീകരണം. സ്ട്രോഗ് റൂം, തിടപ്പള്ളി, പനച്ചിക്കൽ ചുറ്റുമതിൽ എന്നിവയുടെ അറ്റകുറ്റപണിക്കായി കരാർ വിളിച്ചിട്ടുണ്ടെങ്കിലും ഏറ്റെടുക്കാൻ ആരും തയ്യാറായിട്ടില്ല.