28 July, 2019 05:27:54 PM


പോലീസിലെ മൂന്നാം മുറക്കാർക്ക് പൂട്ടു വീഴുന്നു; പട്ടിക തയ്യാറാക്കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം





തിരുവനന്തപുരം: പോലീസിലെ മൂന്നാംമുറ പ്രയോഗിക്കുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ ഡി.ജി.പി നിര്‍ദ്ദേശിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ പട്ടിക നല്‍കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി. മൂന്നാംമുറക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ഡി.ജി.പി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഉള്‍പ്പെടെ പോലീസ് പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് മൂന്നാം മുറക്കാരുടെ പട്ടിക തയ്യാറാക്കുന്നത്.


മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം. മൂന്നാംമുറയ്ക്ക് കുപ്രസിദ്ധരായ പോലീസുകാരുടെ പട്ടിക തയ്യാറാക്കണം. ഇത്തരക്കാര്‍ ലോക്കല്‍ പോലീസ് സ്‌റ്റേഷനുകളില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യം പ്രത്യേകം അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടു.


സ്‌റ്റേഷന്റെ ഉള്ളില്‍ വച്ചോ പുറത്തോ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ മൂന്നാംമുറ പ്രയോഗിച്ചതായി തെളിഞ്ഞാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡി.ജി.പി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയടക്കം പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും മൂന്നാം മുറതും കസ്റ്റഡി മരണവും ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് മുന്നാം മുറക്കാരുടെ പട്ടിക തയ്യാറാക്കുന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K