20 July, 2019 08:05:28 PM


എം.പിക്ക് കാര്‍ വാങ്ങാന്‍ പിരിവെടുക്കുന്നത് ശരിയല്ല; കാര്‍ ലോണ്‍ കിട്ടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍


Mullappally Ramachandran, Remya Haridas


തിരുവനന്തപുരം: ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. കാര്‍ വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പിരിവെടുക്കുന്നത് ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. രമ്യയ്ക്ക് കാര്‍ വാങ്ങാന്‍ ലോണ്‍ കിട്ടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.


യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മറ്റിയാണ് രമ്യയ്ക്ക് കാര്‍ വാങ്ങി നല്‍കുന്നത്. ഇതിനായി ആയിരം രൂപയുടെ കൂപ്പണ്‍ അച്ചടിച്ച് വ്യാപക പിരിവ് തുടങ്ങിയിരുന്നു. സംഭവം വിവാദമായതോടെ യൂത്ത് കോണ്‍ഗ്രസുകരില്‍ നിന്ന് മാത്രമാണ് പണം പിരിക്കുന്നതെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം. ഓഗസ്റ്റ് 9ന് വടക്കഞ്ചേരി മന്ദം മൈതാനിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാറിന്റെ താക്കോല്‍ദാനം നിര്‍വഹിക്കും.


പതിനാല് ലക്ഷം രൂപയുടെ മഹീന്ദ്ര മരാസോ കാറാണ് പിരിവിട്ട് വാങ്ങുന്നത്. 1.90 ലക്ഷം രൂപ ശമ്പളവും മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്ന എം.പിക്ക് വേണ്ടി പണപ്പിരിവ് നടത്തി കാര്‍ വാങ്ങുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കൂടാതെ എം.പിമാര്‍ക്ക് വാഹനം വാങ്ങാന്‍ പലിശരഹിത വാഹനവായ്പ ലഭിക്കുമെന്നും ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.


അതേസമയം യൂത്ത് കോണ്‍ഗ്രസിന്റെ പണപ്പിരിവിനെ ന്യായീകരിച്ച് രമ്യ ഹരിദാസ് രംഗത്ത് വന്നിരുന്നു. ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനമാണ് ഇതെന്നും അത് വാങ്ങുന്നതില്‍ തനിക്ക് അഭിമാനം മാത്രമേ ഉള്ളുവെന്നുമായിരുന്നു രമ്യയുടെ പ്രസ്താവന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K