17 July, 2019 12:10:47 PM
അഞ്ചലില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: പ്രതിക്ക് 3 ജീവപര്യന്തവും 26 വര്‍ഷം കഠിനതടവും
കൊല്ലം: അഞ്ചൽ ഏരൂരിൽ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊന്ന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കേസിൽ പ്രതിക്ക് 3 ജീവപര്യന്തവും 26 വർഷം കഠിന തടവും ശിക്ഷ. ശിക്ഷ പ്രത്യേകം അനുഭവിക്കണം. 3.2 ലക്ഷം രൂപ പിഴയും ഒടുക്കണം. പ്രതിയുടെ പ്രായം പരിഗണിച്ചു വധശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നുവെന്നു കോടതി വ്യക്തമാക്കി. അഞ്ചൽ ഏരൂർ തിങ്കൾ കരിക്കം വടക്കേക്കര ചെറുകര രാജേഷ് ഭവനിൽ രാജേഷിനെ (25) യാണു കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
2017 ആഗസ്റ്റ് 27 നാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. അമ്മൂമ്മയോടൊപ്പം ട്യൂഷൻ ക്ലാസ്സിലേക്ക് പോയ കുട്ടിയെ അമ്മയുടെ സഹോദരി ഭര്‍ത്താവ് കൂടിയായ പ്രതി രാജേഷ് കാത്ത് നിന്ന് കൂട്ടി കൊണ്ടുപോയി കുളത്തൂപ്പുഴയിലെ കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍പറയുമെന്ന് കുട്ടി പറഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തി സമീപത്തുള്ള എസ്റ്റേറ്റില്‍ മൃതദേഹം ഉപേക്ഷിച്ചു. കൊലപ്പെടുത്തിയശേഷവും കുട്ടിയെ പീഡിപ്പിച്ചെന്നും പിന്നീട് കണ്ടെത്തിയിരുന്നു. കുട്ടിയെ കാണാനില്ലെന്നറിഞ്ഞ് നാട്ടുകാരും പൊലീസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിറ്റേ ദിവസം രാവിലെ മൃതദേഹം കണ്ടെടുക്കുന്നത്.
കുട്ടിക്കൊപ്പം പ്രതി യാത്രചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേസ് അന്വേഷണത്തിൽ നിര്‍ണ്ണായകമായി. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ്. സംഭവം നടക്കുമ്പോൾ കൊല്ലം റൂറൽ എസ്.പി. ആയിരുന്ന ബി. അശോകന്‍റെയും പുനലൂർ ഡിവൈഎസ്പി ആയിരുന്ന കൃഷ്ണകുമാറിന്‍റെയും നേതൃത്യത്തിലായിരുന്നു കേസന്വേഷണം പൂർത്തികരിച്ചത്.