06 July, 2019 08:35:20 PM
സി.എഫ് തോമസ് പാര്‍ട്ടി ചെയര്‍മാനാകുമെന്ന് പി.ജെ ജോസഫ്; ഭരണഘടന പ്രകാരം അധികാരം തങ്ങള്‍ക്ക്
കൊച്ചി: കേരള കോണ്‍ഗ്രസ് (എം) ന്‍റെ അടുത്ത ചെയര്‍മാന്‍ സി.എഫ് തോമസ് ആയിരിക്കുമെന്ന് പി.ജെ ജോസഫ്. രണ്ടായി ഭിന്നിച്ച് നില്‍ക്കുന്ന പാര്‍ട്ടിയിലെ ജോസഫ് വിഭാഗത്തിന്‍റെ നേതൃസമ്മേളനത്തിന് ശേഷമാണ് പ്രഖ്യാപനം. മൂന്നര മിനിറ്റില്‍ ചെയര്‍മാനെ തെരഞ്ഞെടുത്തത് അനധികൃത യോഗമായിരുന്നെന്നും ജോസഫ് പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയവര്‍ തെറ്റുതിരുത്തി തിരിച്ചുവന്നാല്‍ ഒന്നിച്ച് പോകാമെന്ന് ജോസഫ് പറഞ്ഞു.
പാര്‍ട്ടി ഭരണഘടന അനുസരിച്ച് അധികാരമുള്ളത് തങ്ങള്‍ക്കാണ്. തങ്ങള്‍ വിളിക്കുന്നതാണ് പാര്‍ട്ടിയുടെ ഔദ്യോഗിക യോഗമെന്നും മറുപക്ഷത്ത് അധികാരമില്ലാത്തയാളാണ് മൂന്നര മിനിറ്റില്‍ ചെയര്‍മാനെ തെരഞ്ഞെടുത്ത യോഗം വിളിച്ചതെന്നും ജോസഫ് പറഞ്ഞു. ആ യോഗത്തില്‍ പങ്കെടുക്കാത്ത മൂന്ന് പേരുടെ കള്ള ഒപ്പിട്ടു. ആകെ തട്ടിപ്പായിരുന്നു അവിടെ നടന്നതെന്നും ജോസഫ് പറഞ്ഞു. പലവിധമായ ചര്‍ച്ചകള്‍ നടക്കുന്ന സമയമായതിനാലാണ് ജോസ് കെ. മാണി ആവശ്യപ്പെട്ടിട്ടും താന്‍ യോഗം വിളിക്കാതിരുന്നത്. ആ സമയത്ത് യോഗം വിളിച്ച് സ്വയം ചെയര്‍മാനാണെന്ന് പ്രഖ്യാപിച്ചാല്‍ എന്ത് ചെയ്യാനാകുമെന്നും ജോസഫ് ചോദിച്ചു.
നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കും. പാലായില്‍ നിഷ ജോസ് കെ. മാണിയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ അവരെയും പിന്തുണയ്ക്കുമെന്നും ജോസഫ് പറഞ്ഞു. നിയമസഭയില്‍ കക്ഷി നേതാവായ താന്‍ ഇറങ്ങിപ്പോക്ക് പ്രഖ്യാപിക്കുമ്പോള്‍ റോഷി അഗസ്റ്റിനും എന്‍. ജയരാജും ചേരാറുണ്ട്. ഭാവിയില്‍ അവരും പാര്‍ട്ടി ചെയര്‍മാനെ ഉള്‍പ്പെടെ അംഗീകരിക്കും. പാര്‍ട്ടിയിലെ രണ്ട് ഗ്രുപ്പുകളില്‍ ആര്‍ക്കൊപ്പമാണ് ആളുള്ളതെന്ന് കാലം തെളിയിക്കുമെന്നും ജോസഫ് വ്യക്തമാക്കി.