03 July, 2019 03:48:04 PM


ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം; പൊലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകണം



മുംബൈ: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിനോയ് കോടിയേരിക്ക് മുംബൈ ഡിന്‍ഡോഷി കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. 25000 രൂപ കെട്ടിവെച്ച് ഒരു ആള്‍ ജാമ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയാറാകണമെന്നും കോടതി നിര്‍ദേശം നല്‍കി. മുന്‍കൂര്‍ ജാമ്യം ഒരു വ്യക്തിയുടെ അവകാശമാണെന്ന് പരാമര്‍ശിച്ചുകൊണ്ടാണ് ബിനോയ് കോടിയേരിക്ക് ജാമ്യം കോടതി അനുവദിച്ചിരിക്കുന്നത്.


യുവതി പീഡനം ആരോപിച്ച് പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞ് ജൂണ്‍ 20നാണ് ബിനോയി കോടിയേരി മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. വിവാഹവാഗ്ദാനം ചെയ്ത് ഉപേക്ഷിച്ചതിന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് യുവതി അയച്ച വക്കീല്‍ നോട്ടീസും വിവാവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം ചെയ്തുവെന്ന് ആരോപിച്ച് യുവതി നല്‍കിയ പരാതിയും ചൂണ്ടിക്കാട്ടി ഇത് പണം തട്ടാനുള്ള ശ്രമമാണെന്നാണ് ബിനോയ് കോടിയേരിയുടെ വാദം. യുവതിക്കും കുഞ്ഞിനും ബിനോയ് സ്വന്തം ഇമെയിലില്‍ നിന്ന് അയച്ച വിസയും വിമാനടിക്കറ്റും യുവതിയുടെ അഭിഭാഷകന്‍ വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രോസിക്യുഷന് പുറമെ കോടതി അനുവദിച്ച പ്രത്യേക അഭിഭാഷകനും പരാതിക്കാരിക്ക് വേണ്ടി കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായിരുന്നു.


ബിനോയിയ്‌ക്കെതിരെ ദുബായില്‍ ക്രിമിനല്‍ കേസുള്ളത് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മറച്ചുവച്ചു. ബിനോയിയുടെ പിതാവ് കേരളത്തിലെ മുന്‍ ആഭ്യന്തര മന്ത്രിയാണ് തുടങ്ങിയ വിവരങ്ങള്‍ മറച്ചുവച്ചു എന്നിങ്ങനെയുള്ള വാദങ്ങള്‍ കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ യുവതിക്കായി അഭിഭാഷകന്‍ വാദിച്ചിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന് ബിനോയ് ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഹര്‍ജിയിലുണ്ട്. ഇരുവിഭാഗത്തിന്റെയും വാദങ്ങളും തെളിവുകളും പരിശോധിച്ച ശേഷമാണ് അഷീഷണല്‍ സെഷന്‍സ് ജഡ്ജ് എം.എച്ച് ഷെയ്ക്ക് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞിരിക്കുന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K