01 July, 2019 04:04:55 PM
ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി ചെയ്യുന്ന ജില്ലയില്‍ വീടുണ്ടോ? എങ്കില്‍ സൂക്ഷിക്കുക
പാലക്കാട് കല്ലേപ്പുള്ളി ഗവ. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിലെ അനധികൃത താമസക്കാര്‍ക്കെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പെടെ നടപടികള്‍
- സംഗീത എന്‍.ജി.
പാലക്കാട്: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളിലും അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധന ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ കളക്ടര്‍മാര്‍ക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും നല്‍കി. പാലക്കാട് കല്ലേപ്പുള്ളി ഗവ. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിലെ അനധികൃത താമസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കല്ലേപ്പുള്ളി ഗവ. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിലെ അനധികൃത താമസക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പാലക്കാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ക്വാര്‍ട്ടേഴ്സിലെ അനധികൃത താമസം സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പാലക്കാട് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടില്‍ എട്ട് പേര്‍ അനധികൃതമായി താമസിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
പാലക്കാട് ജില്ലയില്‍ തന്നെ ഭാര്യയുടെ പേരില്‍ രണ്ട് വീടുകള്‍ ഉണ്ടാവുകയും ഡി-30 ക്വാര്‍ട്ടറില്‍ താമസിക്കുമ്പോള്‍ തന്നെ ജലസേചനവകുപ്പിന്‍റെ ക്വാര്‍ട്ടറും കൂടി കരസ്ഥമാക്കി ഉപയോഗിച്ച് വരുന്ന ജലസേചന വകുപ്പ് ജീവനക്കാരനെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ശക്തമായ വകുപ്പുതല നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം കല്ലേപ്പുള്ളി ക്വാര്‍ട്ടര്‍ നമ്പര്‍ ഡി-25ല്‍ മാതാപിതാക്കള്‍ മരണപ്പെട്ട് മറ്റ് ബന്ധുക്കളോ, സ്വന്തമായി വീടോ ഇല്ലാതെ താമസിക്കുന്ന പെണ്‍കുട്ടികളായ ആര്യയേയും സൂര്യയേയും സാമൂഹ്യക്ഷേമ വകുപ്പുമായി ചേര്‍ന്ന് പുനരധിവസിപ്പിക്കുന്നത് വരെ മാനുഷിക പരിഗണന മുന്‍നിര്‍ത്തി ഒഴിപ്പിക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്‍റെ അധീനതയിലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകളില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നും മൂന്നിരട്ടി വാടക പിഴയായി ഈടാക്കണമെന്നും അടഞ്ഞു കിടക്കുന്ന ക്വാര്‍ട്ടറുകള്‍ അടിയന്തിരമായി ഒഴിപ്പിച്ച് മറ്റ് ജീവനക്കാര്‍ക്ക് അനുവദിക്കേണ്ടതാണെന്നും ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്കും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ക്കും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്ന ജീവനക്കാര്‍ ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞ് പോകുമ്പോഴോ വിരമിക്കുമ്പോഴോ പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ബാദ്ധ്യതാരഹിത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കുന്ന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉചിതമായ ശിക്ഷാ നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ക്വാര്‍ട്ടേഴ്സ് ഒഴിയുമ്പോഴും ജോലിയില്‍ നിന്നു വിരമിക്കുമ്പോഴും പൊതുമരാമത്ത് വകുപ്പിന്‍റെ ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദ്ദേശം എല്ലാ നിയമന അധികാരികളും പാലിക്കണം. മന്ത്രി സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.