27 June, 2019 08:34:11 PM
പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ്: വിവാദങ്ങളുടെ തമ്മിലടിക്കൊടുവിൽ നേട്ടം യുഡിഎഫ് പാനലിന്
തിരുവനന്തപുരം: വിവാദങ്ങളുടെ തമ്മിലടിക്കൊടുവിൽ പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അനുകൂല പാനലിനു വൻവിജയം. സഹകരണ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസുകാർ തമ്മിലടിച്ച സംഭവത്തിൽ സസ്പെൻഷനിലായ ട്രാഫിക് സ്റ്റേഷനിലെ ടി.ആർ.അജിത് ആയിരിക്കും പ്രസിഡന്‍റാകുക. നേരത്തേയും പ്രസിഡന്‍റ് സ്ഥാനം വഹിച്ചിട്ടുണ്ട്. സിപിഎം പാനലിലെ മത്സരിച്ച പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ടി.എസ്. ബൈജു ഉൾപ്പെടെ തോറ്റു. സംഘർഷ സാധ്യതയുണ്ടായിരുന്നതിനാൽ വൻ സുരക്ഷയിലായിരുന്നു തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരിച്ചറിയൽ കാർഡ് വിതരണത്തിൽ ക്രമക്കേടെന്ന ആക്ഷേപം ഉയർന്നതോടെ കഴിഞ്ഞ ദിവസം നന്ദാവനം എആർ ക്യാംപിൽ അജിത്തിന്‍റെ നേതൃത്വത്തിൽ യുഡിഎഫ് പാനലിലെ 10 സ്ഥാനാർഥികൾ എത്തിയതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷമുണ്ടായത്. 4 തവണ വന്നിട്ടും കാർഡ് ലഭിച്ചില്ലെന്ന പരാതികൾ കേൾക്കുന്നതിനിടെ സ്ഥലത്തെത്തിയ സിപിഎം അനുകൂല സംഘടനാ നേതാക്കളുമായി വാക്കേറ്റമുണ്ടാകുകയായിരുന്നു. അതിനിടെ ഹെൽമറ്റ് ഉപയോഗിച്ച് അടിക്കുകയും മുണ്ടു വലിച്ചൂരുകയും ചെയ്തുവെന്നാണു പരാതി. അജിത്തിന്‍റെ നേതൃത്വത്തിൽ സ്ഥാനാർഥികൾ സഹകരണ സംഘം ഓഫിസിനു മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തിരുന്നു.