21 June, 2019 08:32:35 PM


വിദേശങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത പാലാ സ്വദേശി യുവാവ് ഏറ്റുമാനൂരില്‍ അറസ്റ്റില്‍

ആറിലധികം മോഷണകേസുകളില്‍ കൂടി പ്രതിയായ റോയിയെ പൊക്കിയത് വാട്ടര്‍ ടാങ്കിനുളളില്‍ നിന്ന്



പെരുമ്പാവൂര്‍: അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ കഴിഞ്ഞു വന്ന പാലാ സ്വദേശിയായ യുവാവിനെ പെരുമ്പാവൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പാലാ മുണ്ടുപാലം പുളിക്കല്‍ വീട്ടില്‍ ജോസിന്‍റെ മകന്‍ റോയി ജോസ് (40) ആണ് പിടിയിലായത്. ഏറ്റുമാനൂരില്‍ ഇയാള്‍ താമസിക്കുന്ന വീടിനു മുകളിലെ വാട്ടര്‍ ടാങ്കില്‍ ഒളിച്ചിരിക്കവേയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.


വിദേശരാജ്യങ്ങളിലേക്ക് ജോലിക്ക് ആളുകളെ തെരഞ്ഞെടുക്കുന്നതിന് ലൈസന്‍സ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. അനുഗ്രഹാ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ കീഴിലുള്ള പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയും തട്ടിപ്പ് നടത്തിയിരുന്നു. കേരളത്തിലെ തന്നെ മറ്റ് ചില പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാനമായ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ആറിലധികം മോഷണകേസുകളില്‍ പ്രതിയാണ് ഇയാളെന്നും പോലീസ് പറയുന്നു.


ഏറ്റുമാനൂര്‍ - അതിരമ്പുഴ റോഡില്‍ ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിച്ചു വരികയായിരുന്നു ഇയാള്‍. വിദേശത്തേക്ക് കടക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കി വരുന്നതിനിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. പെരുമ്പാവൂര്‍ ഡിവൈഎസ്പി ഹരിദാസ്, സിഐ സുമേഷ്, എസ്ഐ ലൈസാദ് മുഹമ്മദ്, എഎസ്ഐമാരായ ശശി, ഷുക്കൂര്‍, സിപിഓമാരായ ഷര്‍നാസ്, ഷിബു ജോണ്‍, സൈബര്‍ സെല്‍ സിപിഓ രാഹുല്‍ എന്നിവരടങ്ങിയ സംഘമാണ് റോയിയെ അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.1K