19 June, 2019 02:03:52 PM


ലൈംഗിക പീഡന പരാതി: ബിനോയിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തേക്കും; മുന്‍കൂര്‍ ജാമ്യത്തിന് നീക്കം



മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ മുബൈ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനോയ് കോടിയേരിയോട് മുംബൈ പൊലീസ് ആവശ്യപ്പെട്ടതായാണ് സൂചന. അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരങ്ങളുണ്ട്. കേസ് സിപിഎമ്മിനെതിരെയുള്ള ആയുധമാക്കി കോൺഗ്രസ് മാറ്റിയപ്പോൾ പാർട്ടിക്ക് ബന്ധമില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് നേതാക്കൾ.


മൂന്ന് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനോയിയോട് പൊലീസ് ആവശ്യപ്പെട്ടതായാണ് വിവരം. പരാതി നല്‍കിയ യുവതിയിൽ നിന്നും പൊലീസ് ഉടൻ മൊഴി രേഖപ്പെടുത്തും. യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്‍റുകളും പൊലീസ് പരിശോധിക്കും. കേസിന് പാർട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് സിപിഎം നേതാക്കൾ കൈ കഴുകുമ്പോൾ പ്രതിപക്ഷം ഇന്ന് സിപിഎമ്മിനെതിരെ വീണ്ടും രംഗത്തെത്തി.


നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ, പാർട്ടി ഇടപെടിലില്ലെന്നാണ് ഇന്നും സിപിഎം വിശദീകരണം. അതേസമയം, വിഷയത്തില്‍ ഇന്നും കോടിയേരി പ്രതികരിച്ചിട്ടില്ല. അതിനിടെ യുവതിക്കെതിരെ ബിനോയ് നൽകിയ പരാതിയിൽ ഇപ്പോഴും കണ്ണൂർ റേഞ്ച് ഐജി തുടർനടപടി എടുത്തിട്ടില്ല. മുംബെയിൽ നടന്ന സംഭവങ്ങളിൽ കേരളത്തിൽ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്പി ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K