18 June, 2019 05:41:08 PM
കിടപ്പുമുറിയിലെത്തി യുവതിയെ പ്രെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
വര്‍ക്കല: വീടിന്‍റെ ഓടിളക്കി കിടപ്പുമുറിയിലെത്തി യുവതിയെ പ്രെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വര്‍ക്കല വടശേരിക്കോണം ചാണയ്ക്കല്‍ ചരുവിള വീട്ടില്‍ സിനു(25) ആണ് അറസ്റ്റിലായത്. വിവാഹഭ്യര്‍ഥന നിരസിച്ചതിനാലായിരുന്നു യുവാവിന്‍റെ കൊലപാതക ശ്രമം. യുവതിയുടെ ഇരവിപുരം കയ്യാലയ്ക്കല്‍ വീട്ടില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
യുവതിയുമായി പരിചയത്തിലായിരുന്ന സിനു പല തവണ വിവാഹഭ്യര്‍ഥന നടത്തിയിരുന്നു. വീട്ടുകാര്‍ വിവാഹാലോചന നടത്തിയെങ്കിലും ജ്യോതിഷ പ്രകാരം പൊരുത്തം നോക്കിയപ്പോള്‍ ചേര്‍ച്ചയുണ്ടായില്ലത്രേ. തുടര്‍ന്ന് യുവതി വിവാഹഭ്യര്‍ഥന നിരസിച്ചു. ഇരുവരുടെ വീട്ടുകാര്‍ തമ്മിലും ഇക്കാര്യം സംസാരിച്ചിരുന്നു. എന്നാല്‍ സിനു പിന്മാറിയില്ല. തിങ്കളാഴ്ച വൈകിട്ട് യുവതിയുടെ വീട്ടിലെത്തിയ സിനു ഓടിളക്കി കിടപ്പുമുറിയിലെത്തി യുവതിയുടെ മേല്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു.
വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ ശേഷം സ്വന്തം ദേഹത്തും സിനു പെട്രോള്‍ ഒഴിച്ചെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി. യുവതിയുടെ സഹോദരി മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. നിലവിളിച്ചു പുറത്തേക്കോടിയ യുവതി അയല്‍വീട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇരവിപുരം പൊലീസ് എത്തി സിനുവിനെ അറസ്റ്റ് ചെയ്തു. സിനുവിന്‍റെ പക്കല്‍ നിന്ന് ലൈറ്റര്‍ പൊലീസ് കണ്ടെടുത്തു. സിനുവിനെ കൊല്ലം കോടതി റിമാന്‍ഡ് ചെയ്തു. വെല്‍ഡിങ് ജോലിക്കാരനാണ് സിനു. യുവതി ബിരുദ വിദ്യാര്‍ഥിയുമാണ്.