17 June, 2019 04:16:23 PM


ഷുക്കൂര്‍ വധക്കേസ്: വിചാരണ തലശേരിയില്‍ നിന്നും എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി



കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസിന്‍റെ തലശേരി സെഷന്‍സ് കോടതിയിലെ വിചാരണ നടപടികള്‍ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി. സിബിഐയുടെ അപക്ഷേ അംഗീകരിച്ച് ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. മുസ്ലീംലീഗ് വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫിന്‍റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20നാണ് ചെറുകുന്ന് കീഴറയിൽ വച്ച് കൊല്ലപ്പെട്ടത്. പി ജയരാജനും ടിവി രാജേഷിനുമെതിരെ കൊലക്കുറ്റം ചുമത്തിയാണ് സിബിഐ കുറ്റപത്രം നല്‍കിയത്. 


സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. വാഹനം ആക്രമിക്കപ്പെട്ട ശേഷം പി ജയരാജനും ടി വി രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിൽ വച്ചാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഎം പ്രാദേശിക നേതാക്കൾ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K