15 June, 2019 04:44:57 PM
ആലപ്പുഴ വള്ളികുന്നത്ത് വനിതാ പൊലീസ് ഓഫിസറെ തീ വച്ചു കൊലപ്പെടുത്തി; പോലീസ്കാരന്‍ പിടിയിൽ
ആലപ്പുഴ: മാവേലിക്കര വള്ളികുന്നത്ത് വനിതാ സിവിൽ പൊലീസ് ഓഫിസറെ കാറിലെത്തിയ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു. മാവേലിക്കര സ്വദേശിനിയും വള്ളിക്കുന്നം സ്‌റ്റേഷനിലെ സി.പി.ഒയുമായ സൗമ്യ പുഷ്പാകരന്‍ (30) ആണ് മരിച്ചത്. യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. പോലീസുകാരിയെ ആക്രമിച്ച ശേഷം പെട്രോളൊഴിച്ച് തീകൊളുത്തിയതിന് പിടിയിലായത് എറണാകുളത്ത് ജോലി ചെയ്യുന്ന അജാസ് എന്ന പൊലീസുകാരനാണെന്ന് അറിയുന്നു.
സ്‌റ്റേഷനില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ വാഹനം ഇടിപ്പിച്ച് വീഴ്ത്തിയ ശേഷമാണ് ശരീരത്ത് പെട്രോള്‍ ഒഴിച്ചത്. ആക്രമിച്ച പോലീസുകാരനും പൊള്ളലേറ്റിട്ടുണ്ട്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ തെക്കേമുറിയിലുള്ള സൗമ്യയുടെ വീടിനടുത്തുവച്ചാണ് ആക്രമണമുണ്ടായത്. സൗമ്യയെ പിന്നാലെ കാറില്‍ വന്ന ഇയാള്‍ ഇടിച്ചുവീഴ്ത്തി. എഴുന്നേറ്റ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സൗമ്യയെ പിന്നാലെയെത്തി വടിവാള്‍ കൊണ്ട് വെട്ടി വീഴ്ത്തുകയായിരുന്നു.
സൗമ്യയുമായി പരിചയമുള്ളയാളാണ് പ്രതിയെന്ന് പോലീസിന് സംശയമുണ്ട്. എന്നാല്‍ ഇവര്‍ തമ്മിലുള്ള ബന്ധമെന്തെന്ന് വ്യക്തമല്ല. ആക്രമണത്തിനു പിന്നിലുള്ള കാരണവും വ്യക്തമല്ല. പൊള്ളലേറ്റ പ്രതി പോലീസ് കസ്റ്റഡിയില്‍ ആശുപത്രിയിലാണ്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
മൂന്നു കുട്ടികളുടെ അമ്മയാണ് സൗമ്യ. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. ജില്ലാ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മാറ്റുവെന്ന് അധികൃതര്‍ അറിയിച്ചു. അടുത്തകാലത്ത് സ്ത്രീകള്‍ക്കു നേരെ സമാനമായ രീതിയില്‍ ആക്രമണം നടന്നിരുന്നു. ആറു മാസത്തിനിടെ നാലു സ്ത്രീകളെയാണ് തീകൊളുത്തി കൊലപ്പെടുത്തിയത്. തിരുവല്ലയിലും തൃശൂരിലും സമാനമായി ആക്രമണം നടന്നിരുന്നു. എറണാകുളത്തു കോളജ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണം നടന്നിരുന്നു.