13 June, 2019 09:26:30 PM
യൂബര്‍ ഫുഡ് വിതരണക്കാരായി ഹൈടെക് കഞ്ചാവ് വിതരണം; പത്തംഗ സംഘം വൈക്കത്ത് അറസ്റ്റില്‍
വൈക്കം: യൂബര്‍ ഫുഡ് വിതരണക്കാരായി കൊച്ചി നഗരത്തിലും പരിസരങ്ങളിലും കഞ്ചാവ് വിതരണം നടത്തിയിരുന്ന വന്‍സംഘം അറസ്റ്റില്‍. 1.220 കിലോഗ്രാം കഞ്ചാവുമായി പത്ത് യുവാക്കളെയാണ് ഇന്നലെ രാത്രി വൈക്കം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 'യൂബര്‍ ഈറ്റ്സ്' എന്ന് രേഖപ്പെടുത്തി ബൈക്കിന് പിന്നില്‍ കെട്ടിവെയ്ക്കുന്ന പെട്ടികളിലാണ് പോലീസിന്‍റെയും നാട്ടുകാരുടെയും കണ്ണ് വെട്ടിച്ച് ആവശ്യക്കാര്‍ക്ക് ഇവര്‍ കഞ്ചാവ് എത്തിച്ചിരുന്നത്. വൈക്കം വെച്ചൂര്‍ ഭാഗത്ത് ഉള്ളവരാണ് പിടിയിലായ യുവാക്കള്‍.
വൈക്കം, വെച്ചൂര്‍ ഭാഗങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നുവെന്ന് കാണിച്ച് എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയെതുടര്‍ന്ന് വൈക്കം എക്സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷ്കുമാറിന്‍റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ശാസ്തക്കുളത്ത് ബൈക്കില്‍ 120 ഗ്രാം കഞ്ചാവുമായി എത്തിയ രണ്ട് യുവാക്കള്‍ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളാണ് കൊച്ചി കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയയിലേക്ക് അന്വേഷണം നീണ്ടത്.