11 June, 2019 10:27:28 PM


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; കോട്ടയത്ത് പിടിയിലായ പ്രതികള്‍ റിമാന്‍ഡില്‍



കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ പ്രതികള്‍ പിടിയില്‍. 13 വയസുകാരിയെ പീഡ‍ിപ്പിക്കാൻ ശ്രമിച്ചതിന് പുത്തൻപുരയ്ക്കല്‍ സ്വദേശി ബിനുവാണ് പിടിയിലായത്. കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട്ടില്‍ പതിനേഴുകാരിയെ ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ സുബിനാണ് പിടിയിലായത്. ഇരുവരെയും പോക്സോ ചുമത്തി റിമാന്‍റ് ചെയ്തു. 


13 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയും സുഹൃത്തായ ബിനുവും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിക്കെതിരെ അതിക്രമവും അമ്മയുടെ മര്‍ദ്ദനവും ഉണ്ടായത്. കപ്പാട് വാടക വീട്ടില്‍ താമസിച്ച് വരുമ്പോഴാണ് സംഭവം നടക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ സ്വന്തം അച്ഛന്‍റെ വീട്ടിലേക്ക് പോയ പെണ്‍കുട്ടി സംഭവം അറിയിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍പോയ ഇരുവരെയും പൊലീസ് തൃശ്ശൂരില്‍ നിന്നാണ് പിടികൂടിയത്. 


കഴിഞ്ഞ ഞായറാഴ്ചയാണ് ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് സുബിന്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ അസ്വാഭാവിക സാഹചര്യത്തില്‍ കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസെത്തി പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. വനിതാ സ്റ്റേഷനില്‍ വച്ച് മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം പൊലീസിനോട് പറഞ്ഞത്.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K