10 June, 2019 09:22:30 PM
കത്വ കൊലക്കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം; മൂന്ന് പൊലീസുകാർക്ക് അഞ്ച് വർഷം തടവ്
ശ്രീനഗര്‍: കത്വ കൊലക്കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം. പർവേഷ് കുമാർ, ദീപക് കജൂരിയ, സഞ്ജീറാം എന്നിവർക്കാണ് ജീവപര്യന്തം തടവ്. പഠാൻ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. മൂന്ന് പൊലീസുകാർക്ക് അഞ്ച് വർഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. 2018 ജനുവരിയിലാണ് രാജ്യത്തെ നടുക്കിയ കത്വവ സംഭവം നടന്നത്. നാല് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുള്ളത്.
നാടോടി സമുദായമായ ബക്കര്‍വാള്‍ വിഭാഗത്തില്‍പ്പെട്ട എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും മൃഗിയമായി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഗ്രാമത്തിലെ പൗര മുഖ്യനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാമാണ് കേസിലെ മുഖ്യ സൂത്രധാരന്‍. ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തിനുള്ളില്‍ വെച്ചാണ് ബലാത്സംഘം നടന്നത്.
സജ്ഞി റാമിന്റെ മകന്‍ വിശാല്‍, പ്രായപൂര്‍ത്തിയാകാത്ത അനന്തരവന്‍, സുഹൃത്ത്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് കജൂരിയ എന്നിവരും കൃത്യങ്ങളില്‍ നേരിട്ട് പങ്കാളികളായിയെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കേസില്‍ ആദ്യം അന്വേഷണം നടത്തിയ എസ് ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ സുരേന്ദര്‍ വര്‍മ എന്നിവര്‍ തെളിവ് നശിപ്പിക്കാനും കൂട്ട് നിന്നു. പിന്നീട് കേസേറ്റെടുത്ത ജമ്മു കാശ്മീര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തി.