08 June, 2019 08:12:26 PM


ഒന്‍പതും ഏഴും വയസ്സുള്ള വിദ്യാര്‍ഥിനികളെ ഒന്നര വര്‍ഷമായി പീഡിപ്പിച്ചു വന്ന ഓട്ടോ റിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍



കോട്ടയം: ഒന്‍പതു വയസ്സുകാരിയും ഏഴു വയസുകാരിയുമായ വിദ്യാര്‍ഥിനികളെ ഒന്നര വര്‍ഷമായി പീഡിപ്പിച്ചു വന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ കോട്ടയത്ത് അറസ്റ്റില്‍. കുട്ടികളെ സ്കൂളില്‍ കൊണ്ടുവിടുന്നതിനും തിരികെ കൊണ്ടുവരുന്നതിനും രക്ഷിതാക്കള്‍ ചുമതലപ്പെടുത്തിയ ഓട്ടോ ഡ്രൈവറാണ് അറസ്റ്റിലായത്. ഇരകളെ തിരിച്ചറിയുമെന്നതിനാല്‍ ഓട്ടോഡ്രൈവറുടെ വിവരങ്ങള്‍ നല്‍കാന്‍ പോലീസ് തയ്യാറായില്ല.  


പീഡനത്തിനിരയായ ഒരു കുട്ടി സ്വന്തം ശരീര ഭാഗങ്ങളുടെ വീഡിയോ രക്ഷിതാക്കളുടെ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ്‌ ചെയ്തു വച്ചിരിക്കുന്നത് കഴിഞ്ഞ ദിവസം കണ്ട രക്ഷിതാക്കള്‍ പരിഭ്രാന്തരായി ഓപ്പറേഷന്‍ ഗുരുകുലം ടീമിനെ വിവരം അറിയിക്കുകയായിരുന്നു. ജില്ലാ പോലിസ് മേധാവി ഹരിശങ്കറിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്  നോഡല്‍ ഓഫീസര്‍ കൂടിയായ കോട്ടയം ഡിവൈ എസ് പി ആര്‍ ശ്രീകുമാറിന്‍റെ  നേതൃത്വത്തില്‍  ഓപ്പറേഷന്‍ ഗുരുകുലം ടീം കുട്ടിയോട് അനുനയത്തില്‍ ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിയുന്നത്.


സ്കൂളിലേക്കു പോകും വഴി ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ എത്തുമ്പോള്‍ ഓട്ടോറിക്ഷ നിര്‍ത്തിയിടുകയും രണ്ട് വശങ്ങളിലെയും പടുത വലിച്ച് ഇടുകയും ചെയ്ത ശേഷം മൊബൈലില്‍ അശ്ലീല വീഡിയോകള്‍ കാണിക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. കണ്ടില്ലെങ്കില്‍ അടി തരുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി കുട്ടികളെ ഇയാള്‍ തന്‍റെ ലൈഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇയാള്‍ ഇത് തുടരുകയായിരുന്നുവത്രേ. പുറത്ത് പറഞ്ഞാല്‍ പോലിസിനെ കൊണ്ടു പിടിപ്പിച്ചു ജയിലില്‍ ആക്കും എന്നും ഭീഷണിപ്പെടുത്തിയിരുന്നു.


പീഡനവിവരം മനസ്സിലാക്കിയതിനെ തുടര്‍ന്ന് ഗുരുകുലം ടീം വിദ്യാര്‍ഥികളെയും കൊണ്ടു ഓട്ടോറിക്ഷയില്‍ പോകുകയായിരുന്ന ഇയാളെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. കൂടുതല്‍ കുട്ടികളെ ഇയാള്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന സംശയത്തില്‍ പോലിസ് അന്വേഷണം നടത്തി വരികയാണ്. ഓപ്പറേഷന്‍ ഗുരുകുലം ടീം അംഗങ്ങള്‍ ആയ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍  അരുണ്‍ കുമാര്‍ കെ. ആര്‍, എ എസ് ഐ ഉദയകുമാര്‍, സിവില്‍ പോലിസ് ഓഫീസര്‍ രാധാകൃഷ്ണന്‍ കെ. എന്‍, വനിതാ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ മിനിമോള്‍ കെ എം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടി കൂടിയത്. കോട്ടയം ഈസ്റ്റ്‌  ഇന്‍സ്പെക്ടര്‍ ഓഫ് പോലിസ് ബിനു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതി ഇയാളെ റിമാന്‍റ് ചെയ്തു.


കുട്ടികളെ സ്കൂളില്‍ വിടുമ്പോള്‍  ഡ്രൈവറെ കൂടാതെ ആയമാര്‍ കൂടിയുള്ള സ്കൂള്‍ മാനേജ്‌മെന്‍റ് വക വാഹനങ്ങളില്‍ വിടുന്നതാണ് അഭികാമ്യമെന്നും അല്ലാത്ത വാഹനങ്ങളില്‍ വിടുന്നവര്‍ വാഹനത്തിന്‍റെ റൂട്ടും മറ്റും നല്ലവണ്ണം മനസ്സിലാക്കി ഇടയ്ക്കിടെ ഡ്രൈവര്‍ അറിയാതെ രഹസ്യമായി പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.  




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K