31 May, 2019 10:06:02 PM
68 സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് കോട്ടയത്ത് അറസ്റ്റില്‍; ലക്ഷ്യമിട്ടത് 2021ന് മുമ്പ് 100 സ്ത്രീകള്‍
കോട്ടയം : അന്‍പതിലധികം സ്ത്രീകളെ പല തരത്തില്‍ വശീകരിച്ച് കെണിയില്‍പെടുത്തുകയും തുടര്‍ന്ന് ഭീഷണിയിലൂടെ ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്ന യുവാവ് അറസ്റ്റില്‍. അരീപ്പറമ്പ് തോട്ടപ്പള്ളില്‍ വീട്ടില്‍ ഹരി എന്ന പ്രദീഷ് കുമാര്‍ (25) ആണ് അറസ്റ്റില്‍ ആയത്. 2021ന് മുമ്പ് 100 സ്ത്രീകളെ പീഡിപ്പിക്കുക എന്ന ലക്ഷ്യമിട്ടായിരുന്നു ഇയാള്ളുടെ നീക്കങ്ങള്‍. ഉയര്‍ന്ന കമ്പനിയില്‍ ഉദ്യോഗമുണ്ടെന്നും പോലീസിലും മറ്റു എല്ലാ വകുപ്പുകളിലും പിടിപാടുണ്ടെന്നും തന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നും വീട്ടമ്മമാരെ പറഞ്ഞു പേടിപ്പിച്ചാണ് ഇയാള്‍ തന്‍റെ ഇംഗിതം നടത്തിവന്നിരുന്നത്.
ഒരു വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഇയാളെ നിരീക്ഷിക്കുകയായിരുന്ന പോലിസ് ഇയാളുടെ ലാപ് ടോപ്പും ക്യാമറയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. ഇയാള്‍ക്ക് താല്പര്യം തോന്നുന്ന സ്ത്രീകളെ വളരെ യാദൃശ്ചികമായി എന്നവണ്ണം പരിചയപ്പെടുകയും തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കരസ്ഥമാക്കുകയും ചെയ്യും. അതിനു ശേഷം അവരുടെ കുടുംബ പ്രശ്നങ്ങള്‍ തന്ത്രപൂര്‍വ്വം മനസ്സിലാക്കുകയും ചെയ്യും. പിന്നീട് അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് മറ്റു സ്ത്രീകളുമായി അവിഹിതബന്ധം ഉണ്ടെന്നു ബോധ്യപ്പെടുത്താനായി സ്ത്രീകളുടെ പേരില്‍ ഫേയ്ക്ക് ഫേസ്ബുക്ക് അക്കൗണ്ട് ക്രിയേറ്റു ചെയ്ത് അവരുടെ ഭര്‍ത്താക്കന്മാരുമായി ചാറ്റ് ചെയ്യുകയും ഈ ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ ഭാര്യയ്ക്ക് അയച്ചു നല്‍കുകയും ചെയ്യും.
തന്‍റെ ഭര്‍ത്താവ് ഫേസ് ബുക്കിലൂടെ പരസ്ത്രീകളുമായി ചാറ്റ് ചെയ്യുന്നുണ്ടെന്ന് ബോധ്യമാകുന്ന കുടുംബിനികള്‍ ഇയാള്‍ക്ക് നന്ദി പറയുകയും ഭര്‍ത്താവുമായി അകലുകയും ഇയാളുമായി ബന്ധം ദൃഡമാക്കുകയും ചെയും. ഈ അവസ്ഥ മുതലെടുത്ത് ഇയാള്‍ വീഡിയോ ചാറ്റിനു കുടുംബിനികളെ ക്ഷണിക്കുകയും തന്ത്രപൂര്‍വ്വം ഫോട്ടോകള്‍ കരസ്ഥമാക്കുകയും ചെയ്യും. ആ ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് നഗ്നഫോട്ടോകള്‍ ആക്കി അവ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചു നല്‍കുമെന്നും കുടുംബം തകര്‍ക്കുമെന്നുമെന്നും ഭീഷണി മുഴക്കുന്നതോടെയാണ് ഇത് ഒരു കെണി ആയിരുന്നു എന്ന് സ്ത്രീകള്‍ മനസ്സിലാക്കുന്നത്. അപ്പോഴേയ്ക്കും ഇരകളായ സ്ത്രീകളുടെ ജീവിതത്തിന്‍റെ നിയന്ത്രണം ഇയാള്‍ ഏറ്റെടുത്തിരിക്കും.
ഇയാള്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും നിമിഷങ്ങള്‍ക്കകം പറയുന്ന സ്ഥലത്ത് ഇവര്‍ എത്തിയിരിക്കണം. ഭര്‍ത്താവുമായി അധികം സഹകരണം പാടില്ല. ഭര്‍ത്താവുമായി ഒന്നിച്ച് എവിടെയും പോകാന്‍ പാടില്ല. വിളിക്കുന്ന സമയത്ത് കൃത്യമായി ഫോണ്‍ എടുത്തിരിക്കണം. വാട്സ് ആപ് അയക്കുന്ന മെസ്സേജുകള്‍ക്ക് ഉടന്‍ തന്നെ മറുപടി അയച്ചിരിക്കണം. രാത്രി എത്ര വൈകിയാലും ചാറ്റ് ചെയ്യാനും വീഡിയോ കാള്‍ അറ്റന്‍ഡ് ചെയ്യാനും സാധിക്കണം എവിടെ പോകണമെങ്കിലും അനുവാദം ചോദിച്ചിരിക്കണം ഇങ്ങനെ പോകുന്നു ഇയാള്‍ ഇരകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന നിബന്ധനകള്‍. അങ്ങിനെ അല്ല എങ്കില്‍ കുടുംബം നശിപ്പിക്കും എന്ന ഭീഷണി നിരന്തരം മുഴക്കികൊണ്ടിരിക്കും.
ചാറ്റ് തുടങ്ങുന്നതിനു മുമ്പ് അവര്‍ തന്നെയാണ് ചാറ്റ് ചെയ്യുന്നത് എന്ന് ഉറപ്പിക്കാന്‍ ഇയാള്‍ ഓരോരുത്തര്‍ക്കും നല്‍കിയിട്ടുള്ള പ്രത്യേക കോഡ് ടൈപ്പ് ചെയ്യണം. കോഡ് ടൈപ്പ് ചെയ്യാന്‍ മറന്നു പോയാല്‍ നല്ല തെറി അഭിഷേകം കിട്ടും. വാട്സ്ആപ്പിലെ ചാറ്റുകള്‍ ഓരോ ദിവസവും ക്ലിയര്‍ ചെയ്ത് സ്ക്രീന്‍ഷോട്ടുകള്‍ അയച്ചിരിക്കണം. ഒരു സ്ത്രീയോട് ഇയാള്‍ പറഞ്ഞത് നീ എന്‍റെ അറുപത്തെട്ടാമത്തെ ഇരയാണ് എന്നാണ്. 2021 നു മുമ്പ് നൂറു തികയ്ക്കണം എന്നാണു ഇയാള്‍ ആഗ്രഹം പറഞ്ഞിരുന്നത്. തന്‍റെ ഇംഗിതങ്ങള്‍ക്ക് വശംവദരാകാതിരുന്ന പലരുടെയും കുടുംബ ജീവിതം തകര്‍ത്തിട്ടുണ്ടെന്നു പുതിയ ഇരകളോട് ഇയാള്‍ പറയാറുണ്ട്.
ഇയാളുമൊത്തുള്ള മോര്‍ഫ് ചെയ്ത നഗ്നഫോട്ടോകള്‍ അവര്‍ക്ക് അയച്ചു നല്‍കുകയും ഇവളുടെ ജീവിതം ഞാന്‍ തകര്‍ത്തതാണ് എന്ന് അവരോടു പറയുകയും ചെയ്യും. പേടിച്ചു പോകുന്ന കുടുംബിനികള്‍ ഇയാള്‍ക്ക് പൂര്‍ണ്ണമായും അടിമപ്പെടുന്നു. ഇവരുടെ ദിനചര്യകള്‍ പരോശോധിക്കാനായി പലപ്പോഴും ഇവര്‍ അറിയാതെ തന്നെ സമാന്തരമായി ഇയാള്‍ സഞ്ചരിക്കുകയും വൈകുന്നേരം അവര്‍ സഞ്ചരിച്ച വഴികളെ പറ്റി അവരോടു പറയുകയും നീ എവിടെ പോയാലും ഞാന്‍ അറിയും എന്നും എന്‍റെ അനുചരന്മാര്‍ ഇപ്പോഴും നിന്നെ നിരീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞ് അവരെ ഭീതിയില്‍ ആക്കുന്നു. ഇരകള്‍ സഞ്ചരിക്കുന്ന വഴികളില്‍ പലപ്പോഴും അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന ഇയാള്‍ അരയില്‍ തിരുകി വച്ചിരിക്കുന്ന കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തി ബൈക്കിലോ കാറിലോ ഒക്കെ ഇവരെ കയറ്റിക്കൊണ്ടു പോകാറുണ്ട്.
അരീപ്പറമ്പിലുള്ള ഇയാളുടെ കുടുംബ വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടില്‍ ഇയാള്‍ പലപ്പോഴും ഇത്തരത്തില്‍ വീട്ടമ്മമാരെ കൊണ്ടുവാരാറുണ്ടെന്നു നാട്ടില്‍ പാട്ടാണ്. ഇയാളുടെ ലാപ് ടോപ്പില്‍ ഇയാളുമായി അടുപ്പമുള്ള നിരവധി സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്തത് ഓരോ ഫോള്‍ഡറുകളിലായി സൂക്ഷിച്ചിട്ടുണ്ട്. വിദേശത്ത് സ്വകാര്യകമ്പനിയില്‍ ജോലിയുണ്ടായിരുന്ന ഇയാള്‍ മൂന്ന് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. പോലീസ് തെരയുന്നതറിഞ്ഞ് മുങ്ങിയ ഇയാള്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കുടുങ്ങിയതെന്ന് പോലീസ് പറഞ്ഞു.
ജില്ലാ പോലിസ് മേധാവി ഹരിശങ്കറിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോട്ടയം ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍, ഏറ്റുമാനൂര്‍ ഇന്‍സ്പെക്ടര്‍ മഞ്ജുലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ എ എസ് ഐ ഉദയകുമാര്‍, മുരളീ മോഹനന്‍ നായര്‍, കെ ആര്‍ പ്രസാദ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ അരുണ്‍ കുമാര്‍ കെ ആര്‍, രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.